
കണ്ണൂർ: കൊവിഡ് ബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരുമായ വോട്ടർമാർക്ക് വൈകിട്ട് ആറിനും ഏഴിനും ഇടയിൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യം. ബൂത്തിലെത്തിയ വിവരം സഹായി മുഖേന ഏഴു മണിക്ക് മുമ്പ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്.
ആറു മണിക്ക് മുമ്പ് പോളിംഗ് സ്‌റ്റേഷനിലെത്തുന്ന അവസാന ജനറൽ വോട്ടറും വോട്ട് രേഖപ്പെടുത്തിയ ശേഷമേ കൊവിഡ്/ക്വാറന്റൈൻ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കൂ. അതുവരെ അവർ പ്രത്യേകം സജ്ജമാക്കിയ കാത്തിരിപ്പ് കേന്ദ്രത്തിലോ വന്ന വാഹനങ്ങളിലോ ഇവർ കാത്തിരിക്കേണ്ടിവരും. മറ്റ് വോട്ടർമാർ ആറു മണിക്കു മുമ്പായി തന്നെ വോട്ടിംഗ് കേന്ദ്രത്തിലെത്തണം.
വോട്ട് ചെയ്യാനെത്തുന്ന കൊവിഡ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരും ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസർമാരിൽ നിന്നും ലഭിക്കുന്ന പ്രത്യേക ഫോർമാറ്റിലുള്ള കൊവിഡ്/ക്വാറന്റൈൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
താമസസ്ഥലത്ത് വോട്ടുപെട്ടിയെത്തി
തപാൽ വോട്ട് ചെയ്യുന്നതിനായി ഫോറം 12ഡിയിൽ വരണാധികാരികൾക്ക് നേരത്തേ അപേക്ഷ നൽകിയവർക്ക് വെള്ളിയാഴ്ച മുതൽ പോസ്റ്റൽ ബാലറ്റുകളുടെ വിതരണം നടക്കുന്നുണ്ട്. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന സംഘമാണ് ഇവർ താമസിക്കുന്ന സ്ഥലത്തെത്തി പോസ്റ്റൽ ബാലറ്റ് നൽകുന്നത്. രഹസ്യമായി വോട്ട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റൽ ബാലറ്റ് പ്രത്യേകം കവറിലാക്കി സംഘത്തിന് കൈമാറുകയോ റിട്ടേണിംഗ് ഓഫീസർക്ക് ദൂതൻ മുഖാന്തിരം എത്തിക്കുകയോ ചെയ്യാം. കാഴ്ച വൈകല്യം മൂലമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളാലോ വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് വോട്ട് രേഖപ്പെടുത്താൻ പ്രായപൂർത്തിയായ ഒരാളുടെ സഹായം തേടാനും വ്യവസ്ഥയുണ്ട്.