
കണ്ണൂർ: ധർമ്മടം നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ. പത്മനാഭന്റെ വിജയത്തിനായി ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ റോഡ് ഷോ ആവേശം തീർത്തു.നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കാളികളായത്. രാവിലെ 9.30 ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ നദ്ദയെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗം ചക്കരക്കല്ല് നാലാം പീടീകയിൽ . മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പയിയോടെയാണ് ഇവിടെ ദേശീയാദ്ധ്യക്ഷനെ പ്രവർത്തകർ സ്വീകരിച്ചത്. ധർമ്മടം, കണ്ണൂർ, അഴീക്കോട്, മട്ടന്നൂർ നിയോജക മണ്ഡലത്തിലെ നൂറുകണക്കിന് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തു.
റോഡ് ഷോയുടെ സമാപനത്തിന് ശേഷം ജെ.പി. നദ്ദ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഇടതു വലതു മുന്നണികളുടെ അഴിമതിയും വികസന രാഷ്ട്രീയവും പൗരൻമാരുടെ സമാധാനജീവിതവുമാണ് ചെറുപ്രസംഗത്തിൽ പ്രധാനമായും ഊന്നിയത്.
ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, എൻഡിഎ സ്ഥാനാർത്ഥികളായ സി.കെ. പത്മനാഭൻ, കെ. രഞ്ജിത്ത്, ബിജു ഏളക്കുഴി, അഡ്വക്കറ്റ് അർച്ചന വണ്ടിച്ചാൽ, അരുൺ കൈതപ്രം, ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം എ.ദാമോദരൻ, പി.ആർ. രാജൻ, യു.ടി. ജയന്തൻ, സി.പി. സംഗീത, വിജയൻ വട്ടിപ്രം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു