കൂത്തുപറമ്പ്: കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് സംഘം നടത്തിയ റെയ്ഡിൽ നാടൻ തോക്കും കേഴമാനിന്റെ കൊമ്പും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെറുവാഞ്ചേരി പുളിയൻ പീടിക സ്വദേശി സി.പി. സജീഷി (31)നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ ഫോറസ്റ്റ് സംഘം നമ്പൂതിരിക്കുന്നിലെ റബ്ബർ തോട്ടത്തിൽ നടത്തിയ പരിശോധയിലാണ് തോക്കും കേഴമാനിന്റെ കൊമ്പും പിടികൂടിയത്. ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും തോക്കിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന വെടിമരുന്നും സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണവം റിസർവ് വനത്തിൽ നിന്നാണ് മാനിനെ വേട്ടയാടിയതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
കണ്ണവം ഫോറസ്റ്റ് റീജണൽ ഓഫീസർ ഡി. ഹരിലാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സി. സുനിൽ കുമാർ, പി. പ്രകാശൻ, കെ. രമേശൻ, എം.കെ ഐശര്യ, കെ.വി ശ്വേത, പി. ഹരിശങ്കർ, എൽ. ലാലു, പി.പി സുബിൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.