കാസർകോട് : പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിൽ സന്ദർശനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി വിവാദനായകനായതിന് പിറകെ പെരിയ കല്യോട്ടെ ശരത് ലാൽ-കൃപേഷ് സ്മൃതി മണ്ഡപം സന്ദർശിച്ച് ഉദുമ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ.വേലായുധൻ. ഇരുവരുടേയും വീടുകളിലെത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സ്മൃതിമണ്ഡപം സന്ദർശിച്ച് സ്ഥാനാർത്ഥി പുഷ്പാർച്ചന നടത്തിയത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി വേലായുധൻ കല്ല്യോട്ട് മേഖലയിലെത്തിയത്. കൊല്ലപ്പെട്ട ശരത് ലാലിൻറെ പിതാവ് സത്യൻ, കൃപേഷിന്റെ പിതാവ് കൃഷ്ണൻ എന്നിവരെ വീടുകളിൽ എത്തി കണ്ടതിന് ശേഷം അവരോടൊപ്പം തന്നെയാണ് സ്മൃതിമണ്ഡപത്തിൽ എത്തിയത്. സ്ഥാനാർത്ഥിയോടൊപ്പം ബി.ജെ.പി പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഇതിന് ശേഷം സംഘം വോട്ടുതേടി കല്യോട്ട് പ്രദേശത്ത് ഇറങ്ങി.
ഉദുമ നിയോജകമണ്ഡലം പിടിക്കാൻ പെരിയ ഇരട്ടക്കൊല മുഖ്യപ്രചാരണയുധമാക്കുകയാണ് യു.ഡി.എഫ്. ഇതിനിടയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി സ്മൃതികുടീരം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയത്. ജനാർദ്ദനൻ കുറ്റിക്കോൽ, വൈ.കൃഷ്ണദാസ്, ബി.രവീന്ദ്രൻ, ഇടപ്പണി ബാലകൃഷ്ണൻ, മുരളി, രതീഷ് പൊള്ളക്കട, വേണു കല്യോട്ട്, പ്രദീപ് കൂട്ടക്കനി, സിന്ധു മോഹൻ, സുരേഷ് തുടങ്ങിയവരും സ്ഥാനാർത്ഥി എ.വേലായുധനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാതെ കോൺഗ്രസ്
എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നടപടിയിൽ പ്രതികരിക്കാൻ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ആരും തയ്യാറിയില്ല.വോട്ട് പിടിക്കാൻ പല തന്ത്രങ്ങളും ബി.ജെ.പി പയറ്റും. അതിലൊന്നും കോൺഗ്രസ് പ്രവർത്തകർ വീഴില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതൽ വിവാദത്തിനില്ലെന്നാണ് ജില്ലയിലെ പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ പ്രതികരണം.