
തളിപ്പറമ്പ: തളിപ്പറമ്പ് മണ്ഡല രൂപീകരണത്തിനു ശേഷം ഒരു തവണ മാത്രം വിജയിക്കാനായ യു.ഡി.എഫ് ഇത്തവണ എൽ.ഡി.എഫിൽ നിന്നും മണ്ഡലം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിനു പിന്നാലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ബി.ജെ.പിയും സജീവമായതോടെ പൊടിപാറുന്ന പോരാട്ടത്തിനാണ് പെരുഞ്ചെല്ലൂർ ഗ്രാമം സാക്ഷ്യം വഹിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ. വി.പി അബ്ദുൽ റഷീദ് കന്നിയങ്കത്തിന് തളിപ്പറമ്പിൽ ഇറങ്ങുമ്പോൾ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എം.എൽ.എ ആയ ഏവർക്കും സുപരിചിതനായ എം.വി ഗോവിന്ദനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എയ്ക്കുവേണ്ടി തൃഛംബരം സ്വദേശി എ.പി. ഗംഗാധരനാണ് മത്സരരംഗത്തുള്ളത്.
കഴിഞ്ഞ 10 വർഷമായി ജയിംസ് മാത്യു എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ തളിപ്പറമ്പ് മോഡൽ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി നടത്തുന്ന പ്രചാരണങ്ങളിലൂടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ഗോവിന്ദന്റെ പ്രചാരണം. ഇന്നലെ രാവിലെ ആന്തൂരിലും ബക്കളത്തും കുടുംബ യോഗങ്ങളിലും ഉച്ചയ്ക്ക് കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ നടന്ന തളിപ്പറമ്പിലെ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയിലും പങ്കെടുത്ത് മൂന്നു മണിയോടെ പരിയാരം പഞ്ചായത്തിലെ മുക്കുന്നിൽ നിന്നാണ് പൊതുപര്യടനം തുടങ്ങിയത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം മുത്തുക്കുടയും വാദ്യമേളങ്ങളുമായി നാട്ടുകാർ സ്ഥാനാർത്ഥിയെ കാത്തിരുന്നു. പരിയാരം സെന്റർ, അമ്മാനപ്പാറ, വായാട്, എടക്കോം, പെരുമ്പടവ്, തടിക്കടവ്, ഒടുവള്ളി, മംഗര, കൂവേരി എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം കാട്ടാമ്പള്ളിയിൽ സമാപിച്ചു.
നാടും നഗരവും ഉണരുന്നതിന് മുമ്പ് സജീവമാകുന്ന തളിപ്പറമ്പിന്റെ ഹൃദയമായ മാർക്കറ്റിൽ നിന്നാണ് ഇന്നലെ അബ്ദുൾ റഷീദിന്റെ പര്യടനം തുടങ്ങിയത്. നാട് നന്നാക്കാൻ യു.ഡി.എഫ് വരുമ്പോൾ തളിപ്പറമ്പ് നന്നാക്കാൻ ഒരവസരം തരൂ എന്ന അഭ്യർത്ഥനയുമായാണ് റഷീദ് മത്സ്യ - മാംസ വിൽപ്പനക്കാരെയും ചുമട്ടു തൊഴിലാളികളെയും മറ്റും സമീപിച്ചത്. മുദ്രാവാക്യം വിളികളോടെയും ഹാരാർപ്പണം നടത്തിയും ഷാൾ അണിയിച്ചും സ്വീകരിച്ചവർക്കൊപ്പം സെൽഫിയെടുത്തും ഉപഹാരമായി നൽകിയ ഫ്രൂട്സും പലഹാരങ്ങളും സ്വീകരിച്ചുമാണ് മാർക്കറ്റിൽ നിന്നും അദ്ദേഹം തിരിച്ചത്. തുടർന്ന് മലപ്പട്ടം, കുറ്റ്യാട്ടൂർ പ്രദേശങ്ങളിലെ പ്രധാന കവലകളും വീടുകളും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. വൈകിട്ട് വീണ്ടും തളിപ്പറമ്പിലെത്തി നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലുമെത്തി ഉടമസ്ഥരെയും ജീവനക്കാരെയും കണ്ട് വോട്ടഭ്യർഥിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്തിലെ വോട്ടർമാരുടെ സ്‌നേഹം നിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങി എൻ.ഡി.എ. സ്ഥാനാർത്ഥി എ.പി. ഗംഗാധരന്റെ ഗൃഹ സന്ദർശനം. രാവിലെ 9 മണിക്ക് പറശ്ശിനി റോഡ് ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അരിമ്പ്ര, മുല്ലക്കൊടി, ഒറപ്പൊടി, കിളിയറ, കോറളായി, പെരുമാച്ചേര, ചെറുപഴശ്ശി, വേളം, കുണ്ടംകൈ, തായമ്പൊയിൽ തുടങ്ങിയ ഇടങ്ങളിലെ പരമാവധി വീടുകൾ സ്ഥാനാർത്ഥിയും പ്രവർത്തകരും സന്ദർശിച്ചു. സന്ധ്യയോടെ മയ്യിൽ ടൗണിലാണ് പ്രചരണ പരിപാടികൾ സമാപിച്ചത്.