mahe

മാഹി: മീനച്ചൂടും തിരഞ്ഞെടുപ്പ് ചൂടുമായി കേരളം ചുട്ടുപൊള്ളുമ്പോൾ അതിരുകൾക്കുള്ളിലുള്ള മാഹിയിലും അവസ്ഥ വ്യത്യസ്ഥമല്ല. പുതുച്ചേരി അസംബ്ളി തിരഞ്ഞെടുപ്പിൽ മാഹി നിയോജകമണ്ഡലത്തിലേക്ക് കടുത്ത പോരാട്ടാണ് ഇക്കുറി നടക്കുന്നത്.

മുപ്പതുവർഷത്തോളം കാത്തുസൂക്ഷിച്ച സീറ്റ് കഴിഞ്ഞ തവണയാണ് കോൺഗ്രസിന് നഷ്ടമായത്. തിരിച്ചുപിടിക്കാൻ രമേശ് പറമ്പത്തിനെയാണ് പാർട്ടി ഇറക്കിയത്. കാൽനൂറ്റാണ്ടുകാലം മയ്യഴിയെ പ്രതിനിധികരിച്ച മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് രമേശിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. വത്സരാജിനെ കഴിഞ്ഞ തവണ അടിയറ പറയിച്ച ഡോ.വി.രാമചന്ദ്രനും ഇക്കുറി മത്സരത്തിനില്ല. പകരം എൻ.ഹരിദാസിനെയാണ് സ്വതന്ത്രനായി ഇടതുപക്ഷം ഇറക്കിയത്. പുതുച്ചേരിയിൽ വലിയ പ്രതീക്ഷയുള്ള ബി.ജെ.പി-എൻ.ആർ സഖ്യത്തിന്റെ സ്ഥാനാർത്ഥി അഡ്വ.അബ്ദുൾറഹ്മാനും വലിയ പ്രതീക്ഷയിലാണ്.

കഴിഞ്ഞ തവണ പരാജയത്തിന് കാരണമായ ഘടകങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നാണ് രമേശ് പറമ്പത്തിന്റെ പ്രതീക്ഷയ്ക്ക് പിന്നിൽ. എൻ.ആർ കോൺഗ്രസിന്റെ മാഹി ഘടകം തന്നെ പിരിച്ചുവിട്ടു.പലരും മാതൃസംഘടനയിലേക്ക് മടങ്ങി. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഉടക്കി നിന്നവരും പിന്തുണയുമായെത്തി.

ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷനും, മുൻ നഗരസഭാ ചെയർമാനുമായ രമേശ് പറമ്പത്ത്,

നാല് പതിറ്റാണ്ടിലേറെ മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമാണ് .സ്‌കൂൾ ലീഡറായി സംഘടനാ പ്രവർത്തനമാരംഭിച്ച രമേഷ്, രണ്ട് തവണ മാഹി ഗവ: കോളജ് യൂണിയൻ ചെയർമാനായിരുന്നു. കെ.എസ്.യു.,യൂത്ത് കോൺഗ്രസ് മേഖലാ പ്രസിഡന്റ് , പുതുച്ചേരി കോൺഗ്രസ് ഡി.സി.സി.മെമ്പറാണ്.നിരവധി സംഘടനകളുടെ സാരഥിയായ രമേശ്, മാഹി ഹൗസിംഗ് കോഓപ്പ്:സൊസൈറ്റി, മാഹി ട്രാൻസ്‌പോർട്ട് കോഓപ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റും മാഹി കോഓപ്പ്: ഇൻഫർമേഷൻ ടെക്‌നോളജി, മാഹി ഹോർട്ടികൾച്ചർ സൊസൈറ്റി ,മാഹി ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവയുടെ ഡയറക്ടറുമാണ്.പള്ളുരിലെ പ്രമുഖ കർഷക തറവാട്ടിൽ, പറമ്പത്ത് കണ്ണന്റയും,കെ ഭാരതിയുടേയും മകനാണ്. ഭാര്യ :സയന. മക്കൾ: യദുകുൽ ,ആനന്ദ് റാം.

വലിയ ശിഷ്യ സമ്പത്തുള്ള മാതൃകാദ്ധ്യാപകൻ, ജീവകാരുണ്യ പരിസ്ഥിതി സാക്ഷരതാ പ്രവർത്തകൻ, തുടങ്ങി സാമൂഹ്യ സാംസ്‌ക്കാരികരംഗത്തെ നിറസാന്നിദ്ധ്യമാണ് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി
എൻ.ഹരിദാസൻ . മാഹി ജവഹർലാൽ നെഹ്രു ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകനും, ഫെഡറേഷൻ ഓഫ് സർവ്വീസ് അസോസിയേഷൻ മുൻ പ്രസിഡന്റും ഗവ. ടീച്ചേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം പന്തക്കൽ സ്വദേശിയാണ് .ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും മികച്ച പ്രാസംഗികനും സംഘാടകനുമെന്ന നിലയിൽ മയ്യഴിയിൽ പ്രശസ്ത വ്യക്തിത്വമാണ് മാസ്റ്ററുടേത്. സിറ്റിംഗ് എം.എൽ.എ ഡോ: വി.രാമചന്ദ്രൻ വീണ്ടും മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് എൻ.ഹരിദാസിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയത്.വി .സി .പ്രസന്നകുമാരിയാണ് ഭാര്യ.മക്കൾ: പ്രശാന്ത്, അരുൺ'
എൻ.ആർ.കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ.പാർടികളുടെ പിന്തുണയോടെ അഡ്വ.വി.പി.അബ്ദുൾ റഹ്മാനും രംഗത്തുണ്ട്. പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായിരുന്നു.പുതുച്ചേരി കൃഷിവകുപ്പ് ഡയറക്ടറായിരുന്ന പരേതനായ പി.പി.സക്ക
രിയ ഹാജിയുടേയും പരേതയായ വി.പി.നഫീസയുടേയും മകനാണ്. പുതുച്ചേരി സംസ്ഥാന എൻ.എസ്.യു.ഐ. അദ്ധ്യക്ഷൻ, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി,പ്രദേശ് കോൺഗ്രസ്
കമ്മിറ്റി മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അബ്ദുൾറഹ്മാൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എൻ.ആർ. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു.ഭാര്യ : സാനിയ റഹ്മാൻ.
മക്കൾ: ഡോ. നഫീസ നാസ്നീൻ, ഡോ. തനാസ് മറിയം, മുഹമ്മദ് നിഹാൽ സക്കറിയ.

എസ്.ഡി.പി.ഐ.സ്ഥാനാർത്ഥിയായി മാദ്ധ്യമ പ്രവർത്തകൻ കൂടിയായ സി.കെ.ഉമ്മർ മാസ്റ്ററും രംഗത്തുണ്ട്.