
അനുഗ്രഹം തേടി ബാലകൃഷ്ണനും സുരേഷും
കാസർകോട്: പൊയിനാച്ചി ടൗണിലെ യു.ഡി.എഫ് പന്തലിൽ ഞായറാഴ്ചയിലും സാമാന്യം നല്ലൊരു ആൾകൂട്ടം. ചുട്ടുപൊള്ളുന്ന വേനലിലും തങ്ങളുടെ പ്രിയപ്പെട്ട നേതാവും എ.ഐ.സി.സി സംഘടനകാര്യ ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാലിന്റെ വരവ് പ്രതീക്ഷിച്ചു അക്ഷമയോടെ കാത്തിരിക്കുകയാണ് വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ.
'കണ്ണൂരിൽ നിന്ന് വിട്ടു പതിനൊന്നരയ്ക്ക് എത്തും' ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയയും യൂത്ത് കോൺഗ്രസ് നേതാവ് നോയൽ ടോമിൻ ജോസഫും അറിയിച്ചു. നേതാവിനെ കാത്തിരിക്കുന്ന പ്രവർത്തകർക്ക് ഊർജം പകരാൻ ആർ.എസ്.പി നേതാവ് ഹരീഷ് പി. നമ്പ്യാരും ഖാദർ മാങ്ങാടും തീപ്പൊരി പ്രസംഗം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.കെ ശ്രീധരൻ ഉദുമ പിടിക്കാനുള്ള തന്ത്രം പ്രവർത്തകർക്ക് പറഞ്ഞു കൊടുക്കുന്നതിനിടെയാണ് കെ.സിയുടെ വരവ്. ഒപ്പം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും.
പൊയിനാച്ചി ടൗണിനടുത്ത ഏതാനും വീടുകളിൽ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടിരുന്ന ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയും കൃത്യസമയത്ത് എത്തി നേതാവിനൊപ്പം ചേർന്നു. മുദ്രാവാക്യം വിളികളോടെ വരവേറ്റ്, ദേശീയപാതയിൽ നിന്ന് കെ.സി വേണുഗോപാലിനെ പ്രവർത്തകർ പന്തലിലേക്ക് ആനയിച്ചു. മണ്ഡലം കൺവീനർ വി.ആർ വിദ്യാസാഗർ സ്വാഗതം പറയുന്നതിനിടെ ദേശീയനേതാവിന്റെ അനുഗ്രഹം തേടാൻ കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി സുരേഷും ഓടിയെത്തി. സുരേഷിനെയും ബാലകൃഷ്ണനെയും വാരിപ്പുണർന്ന് ചേർത്തുനിർത്തി അനുഗ്രഹം നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തു.
പി.വി സുരേഷ് പ്രചാരണ തിരക്കിൽ മണ്ഡലത്തിലേക്ക് മടങ്ങി. ഉദുമ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ച വിവരം തന്നെ ആദ്യം വിളിച്ചറിയിച്ച സ്വന്തം നേതാവായ കെ.സിയുടെ പഴയകാല തിരഞ്ഞെടുപ്പ് അനുഭവങ്ങൾ എടുത്തുപറഞ്ഞുള്ള സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ ഉഗ്രൻ പ്രസംഗം ജനക്കൂട്ടം സ്വീകരിച്ചതിനുപിന്നാലെ, തനിക്ക് പരിചിതമായ കാസർകോട് ജില്ലയിലെ നാട്ടുവഴികളെയും ഉദുമയിലെ തീരദേശത്തെയും ഓർത്തെടുത്തു പ്രസംഗം തുടങ്ങിയ കെ.സി, കൃത്യവും കുറിക്കുകൊള്ളുന്നതുമായ വാക്കുകളിലാണ് സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ആക്രമിച്ചത്.
ആഴക്കടൽ വിവാദവും വിലക്കയറ്റവും ശബരിമലയും ഏറ്റവും ഒടുവിൽ കിറ്റ് വിവാദം വരെ അദ്ദേഹം പരാമർശിച്ച് പ്രവർത്തകരെ ആവേശത്തിലാക്കിയാണ് മടങ്ങിയത്. യോഗത്തിൽ കല്ലട്ര അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, മൊയ്തീൻ കുട്ടി ഹാജി, വിനോദ് കുമാർ പള്ളയിൽ വീട് , രാജൻ പെരിയ, കല്ലട്ര മാഹിൻ ഹാജി, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, മീനാക്ഷി ബാലകൃഷ്ണൻ, ടോമി പ്ലാച്ചേരി തുടങ്ങിയവരും പ്രസംഗിച്ചു.