
കണ്ണൂർ: സംസ്ഥാനത്ത് പത്തു ലക്ഷത്തിലധികം അനധികൃതവോട്ടുകൾ കണ്ടെത്തിയ സംഭവത്തിലൂടെ ജനവിധി അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണ് തെളിഞ്ഞതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സി.പി.എമ്മും ഇടതുപക്ഷ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരും ചേർന്നുള്ള വോട്ടിരട്ടിപ്പ് ഒത്തുകളി ജനാധിപത്യത്തിന് ഭീഷണിയാണ് - കണ്ണൂർ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പത്തുലക്ഷം വോട്ടർമാരിൽ ഇരട്ടവോട്ടുകളുണ്ട്. മരിച്ചവരുടെ വോട്ടുകളുണ്ട്. പല മണ്ഡലങ്ങളിലായി ഒന്നിലധികം വോട്ടുള്ളവരുണ്ട്. പ്രതിപക്ഷ നേതാവ് നാലരലക്ഷംവോട്ടിന്റെ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷനു കൊടുത്തിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും വോട്ടർപട്ടിക പരിശോധിച്ചാണ് ഈ കണക്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ചില യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളുടെ ഇരട്ടവോട്ടുകളെ ചൂണ്ടിക്കാണിച്ച് സി.പി.എം ഇതിനെ ന്യായീകരിക്കുകയാണ്. ഷമാ മുഹമ്മദിനെപോലുള്ളവർക്ക് രണ്ട് സ്ഥലത്ത് വോട്ട് ചേർത്തുകൊടുത്തത് ആസൂത്രിതമാണ്. തെറ്റിദ്ധാരണ ഉണ്ടാക്കി തങ്ങളുടെ ആയിരക്കണക്കിന് വ്യാജവോട്ടുകൾ സംരക്ഷിക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും വേണുഗോപാൽ പറഞ്ഞു.