കൂത്തുപറമ്പ്: കണ്ണവം വനമേഖലയിൽ നിന്നും രണ്ടാം ദിവസവും നാടൻ തോക്കും വെടിമരുന്നും പിടികൂടി. റെയ്ഞ്ച് ഫോറസ്റ്റ് സംഘം നടത്തിയ റെയ്ഡിലാണ് നാടൻ തോക്കും വെടിമരുന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണവം കോളനിയിലെ കുളത്തിൻകര ഹൗസിൽ പി. സൂരജിനെ (32) ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ ഫോറസ്റ്റ് സംഘം ചെറുവാഞ്ചേരി പുളിയൻ പീടികയിൽ നടത്തിയ റെയ്ഡിൽ നാടൻ തോക്കും മാൻകൊമ്പും പിടികൂടിയിരുന്നു. ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും, തോക്കിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന വെടിമരുന്നും സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെറുവാഞ്ചേരി പുളിയൻ പീടികയിലെ മേലേ ചന്ദ്രോത്ത് വീട്ടിൽ സി.പി സജീഷിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. സജീഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സൂരജിന്റെ കൈവശമുള്ള നാടൻ തോക്കിനെപ്പറ്റിയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചത്. ഇരുവരും ചേർന്നാണ് കണ്ണവം റിസർവ് വനത്തിൽ നിന്നും മാനിനെ വേട്ടയാടിയതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണവം ഫോറസ്റ്റ് റീജണൽ ഓഫീസർ ഡി ഹരിലാലിന്റെ നേതൃത്വത്തിലാണ് നാടൻ തോക്ക് കസ്റ്റഡിയിലെടുത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സി. സുനിൽ കുമാർ, പി. പ്രകാശൻ, കെ. രമേശൻ, എം.കെ ഐശ്വര്യ ,കെ.വി ശ്വേത തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.