കാസർകോട്: റോഡിലെ നിയമങ്ങൾ പാലിക്കാത്തവരാണോ നിങ്ങൾ? എങ്കിൽ ഇനി സൂക്ഷിക്കുക, കാസർകോട് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിന്റെ ഇ ചലാൻ കാമറ കണ്ണുകൾ നിങ്ങളുടെ പിന്നാലെയുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്ന നിമിഷം തന്നെ ഫോട്ടോ എടുത്ത് ചലാൻ ക്രിയേറ്റ് ചെയ്യുന്നതോടെ വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ എസ്.എം.എസും ലഭിക്കും. കൂടാതെ ചലാൻ നോട്ടീസ് ഉടമസ്ഥന്റെ വീട്ടിലേക്കും അയക്കും. ഫെബ്രുവരി-മാർച്ച് മാസത്തിൽ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിന്റെ കീഴിൽ രജിസ്റ്റർ ചെയ്തത് 4000 ത്തിലേറെ കേസുകൾ.

ഈ കേസുകളിലായി 78,50,800 രൂപ പിഴ വിധിച്ചിരുന്നു. ഇതിൽ 27,68,300 രൂപയോളം ഈടാക്കിക്കഴിഞ്ഞു. ഹാജരാകുവാനുള്ള അല്ലെങ്കിൽ ഓൺലൈനായി പിഴ അടക്കുന്നതിന് നോടീസുകളും അയച്ചുകഴിഞ്ഞു. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കേസുകൾ വെർച്വൽ കോടതിയിലേക്കും തുടർന്ന് ജില്ലാ കോടതിയിലേക്കും അയക്കുകയും ചെയ്യും. റോഡിൽ വാഹന പരിശോധന കണ്ടാൽ തിരിഞ്ഞു പോകുന്നവർ, അനൗദ്യോഗികമായി വാഹനത്തിന് രൂപമാറ്റം വരുത്തിയവർ, രജിസ്റ്റർ നമ്പർ കൃത്യമായി പ്രദർശിപ്പിക്കാത്തവർ, ട്രിപ്പിൾ റൈഡ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് , ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര തുടങ്ങിയ നിയമ ലംഘനങ്ങൾ എൻഫോഴ്സ്‌മെന്റ് ഓഫീസർമാരുടെ മൊബൈൽ കാമറയിലോ ഇന്റർസെപ്റ്റർ വാഹനത്തിലെ സർവൈലൻസ് കാമറയിലോ പകർത്തും. വാഹനത്തിന്റെ നമ്പർ ലഭ്യമാകുന്നതോടെ സകല വിവരങ്ങളും ഇ ചലാനിലൂടെ ലഭ്യമാവുകയും ചെയ്യും.

ഇൻഷുറൻസ്, പൊലുഷൻ, ടാക്സ്, ഫിറ്റ്‌നെസ്, കേസ് ഹിസ്റ്ററി ഉൾപ്പെടെ ലഭ്യമാകുന്നതോടെ കൃത്യമായ രേഖകൾ ഇല്ലാത്തവയ്ക്ക് പിഴത്തുക ചേർന്നുള്ള ചാലാൻ ക്രിയേറ്റ് ചെയ്യുന്നു.

ഊതിക്കൽ തുടരുന്നു

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള രാത്രികാല പരിശോധനയും തുടരുന്നു. അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾക്കെതിരെയും, നമ്പർ പ്ലേറ്റ് മറച്ചു യാത്ര ചെയ്യുന്ന അന്യസംസ്ഥാന വാഹനങ്ങൾക്കെതിരെയും, അതിതീവ്ര പ്രകാശമുള്ള ഹെഡ്ലാമ്പുകൾ, കളർ ലൈറ്റുകൾ ഇവയ്‌ക്കെതിരെയും ഇ ചലാൻ വഴി കേസുകൾ രജിസ്റ്റർ ചെയ്യും.

സേഫ് കേരള ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വാഹന പരിശോധന ശക്തമാകുന്നതോടെ ജില്ലയിലെ അപകടമരണ നിരക്കിൽ ഡി.സി.ആർ.ബി കണക്ക് പ്രകാരം മുൻവർഷങ്ങളെ അപേക്ഷിച്ച് 46.15 ശതമാനം കുറവും, അപകട നിരക്കിൽ 4 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.


ടി.എം ജഴ്സൺ (എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ, കാസർകോട്)