
സർവീസ് വോട്ടർമാർ മണ്ഡലം തിരിച്ച്
പയ്യന്നൂർ 1041
കല്ല്യാശ്ശേരി 669
തളിപ്പറമ്പ് 972
ഇരിക്കൂർ 729
അഴീക്കോട് 276
കണ്ണൂർ 409
ധർമ്മടം 976
തലശ്ശേരി 294
മട്ടന്നൂർ 831
പേരാവൂർ 569
കൂത്തുപറമ്പ് 220
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ളത് 6986 സർവീസ് വോട്ടർമാർ. 6730 പുരുഷ വോട്ടർമാരും 256 സ്ത്രീ വോട്ടർമാരുമാണ് ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) സംവിധാനം വഴി വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തത്.
കേന്ദ്ര സുരക്ഷാ സേനകളിലും വിദേശ സർവീസിലും ജോലി ചെയ്യുന്നവർ, സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസ് സേനയിലുള്ളവർ തുടങ്ങിയവർക്കാണ് സർവീസ് വോട്ടുകൾ ചെയ്യാൻ അവസരം. നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ഇ.ടി.പി.ബി.എസ് സംവിധാനം വഴി സർവീസ് വോട്ടർമാർക്ക് ഓൺലൈനായി ലഭിക്കുന്ന ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കിയത്.
ഇതിനായി ഒരുക്കിയ പ്രത്യേക വെബ്‌സൈറ്റിൽ വോട്ടർമാർ നേരത്തേ രജിസ്റ്റർ ചെയ്തിരുന്നു. അതത് താലൂക്കിലെ ഇ.ആർ.ഒമാർ സർവീസ് വോട്ടർമാരുടെ വിവരങ്ങൾ പരിശോധിച്ച് പ്രത്യേക ഫോർമാറ്റിലാക്കി സൈറ്റിൽ അപ്‌ലോഡ് ചെയ്തു. തുടർന്ന് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർ ഓൺലൈനായി ജനറേറ്റ് ചെയ്ത ഇബാലറ്റ് പേപ്പർ, ഫോറം 13, തിരിച്ചയയ്ക്കേണ്ട കവർ തുടങ്ങിയവ സർവീസ് വോട്ടർക്ക് അയച്ചു നൽകി. ഓരോ സർവീസ് വോട്ടറും അവർക്ക് ലഭിക്കുന്ന പിൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ബാലറ്റ് പേപ്പർ ഡൗൺലോഡ് ചെയ്യും. 30ന് രാത്രി 11.59 വരെ മാത്രമേ ബാലറ്റ് പേപ്പർ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.
ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അതിലെ ക്യുആർ കോഡിന് കേടുപാടുകൾ വരാത്ത രീതിയിൽ കൃത്യമായി ഒട്ടിച്ച് വോട്ടെണ്ണൽ ദിവസമായ മേയ് രണ്ടിന് രാവിലെ എട്ട് മണിക്കകം വരണാധികാരികൾക്ക് ലഭിക്കും വിധം തപാലിൽ അയയ്ക്കണം. ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ബാലറ്റിന്റെ സാധുത ഉറപ്പുവരുത്തിയതിനു ശേഷമാണ് വോട്ടുകൾ പരിഗണിക്കുക.
പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ തുടങ്ങി
അവശ്യ സർവ്വീസ് വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഓരോ നിയോജക മണ്ഡലത്തിലും ഒന്ന് വീതം കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. നേരത്തെ 12 ഡിഫോറത്തിൽ അപേക്ഷ നൽകിയവർക്കാണ് തപാൽ വോട്ട് രേഖപ്പെടുത്താൻ കഴിയുക. വോട്ടിംഗ് കേന്ദ്രം, വോട്ടിംഗിന്റെ തീയതി, സമയം എന്നിവ എസ്.എം.എസായോ തപാലായോ ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയോ വോട്ടറെ അറിയിക്കും.