
പയ്യന്നൂർ: പയ്യന്നൂർ നിയോജക മണ്ഡലത്തിൽ 80 വയസ് കഴിഞ്ഞവർക്കുള്ള തപാൽവോട്ടിൽ സി.പി.എം പ്രവർത്തകർ തിരിമറി കാട്ടിയതായി പരാതി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ബി.എൽ.ഒവിന്റെയും സാന്നിദ്ധ്യത്തിൽ പ്രായമായ യഥാർത്ഥ വോട്ടറെ വോട്ടുചെയ്യാൻ അനുവദിക്കാതെ സി.പി.എം പ്രവർത്തകർ വോട്ട് ചെയ്തുവെന്നാണ് പരാതി. യു.ഡി.എഫ് സ്ഥാനാർത്ഥി എം. പ്രദീപ്കുമാറിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഏജന്റായ കെ. ജയരാജാണ് പരാതി നൽകിയത്.
പയ്യന്നൂർ നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്പർ 86 ൽ ക്രമനമ്പർ 857 കുഞ്ഞമ്പു പൊതുവാൾ എന്ന വോട്ടറുടെ വോട്ടാണ് സി.പി.എം പ്രവർത്തകർ ചെയ്തതായി പരാതി. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ഇതുചെയ്യുമ്പോഴും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൗനം പാലിച്ചതായും പരാതിയിൽ പറയുന്നു.
ബൂത്തിലെ ബി.എൽ.ഒ ആയ സി. ഷൈലയും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആരും തിരിച്ചറിയൽ കാർഡ് പോലും ധരിച്ചിരുന്നില്ല. ഇതും നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ ബോധപൂർവമായ ശ്രമമാണ് നടത്തുന്നതെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിനു കൂട്ടുനിൽക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം. പ്രദീപ് കുമാർ അറിയിച്ചു.