കാഞ്ഞങ്ങാട്: കോൺഗ്രസ് മുക്ത ഭാരതം എന്ന് പ്രചരിപ്പിക്കുന്ന ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ ഏജന്റായി ആന്റണി മാറുന്നതായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി പറഞ്ഞു. മടിക്കൈ കോട്ടക്കുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയുടെയും നെഹ്റുവിന്റെയും മൂല്യങ്ങൾ കോൺഗ്രസ് മറന്നുപോകുന്നു. ഗാന്ധിയെ മറക്കാത്ത കോൺഗ്രസുകാരും നെഹ്റുവിനെ ഓർക്കുന്ന കോൺഗ്രസുകാരും ഇത്തവണ ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രസിഡന്റ് പറയുന്നത് 35 സീറ്റുമതി കേരളം ഭരിക്കാനെന്ന്. പോരാത്ത സീറ്റുകളുടെ കുറവ് കോൺഗ്രസ് നികത്തുമെന്നാണ് അതിന്റെ ധ്വനി. ആ സഖ്യം കേരളത്തെ ഇരുട്ടിലേക്ക് നയിക്കും. കിറ്റ് സർക്കാരെന്നും പെൻഷൻ സർക്കാർ എന്നുമൊക്കെയാണ് ബി.ജെ.പിയും കോൺഗ്രസും സംസ്ഥാന സർക്കാരിനെ വിളിക്കുന്നത്. അടിസ്ഥാന വർഗത്തോടൊപ്പം നിൽക്കുന്ന ഇടതുപക്ഷം ഇത് ബഹുമതിയായി കാണുമെന്ന് അദ്ദേഹം പറഞ്ഞു. എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബങ്കളം പി. കുഞ്ഞികൃഷ്ണൻ, കെ.വി കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, മടത്തിനാട്ട് രാജൻ, കെ.വി കുമാരൻ, എ. ദാമോദരൻ, പി.വി ജയൻ എന്നിവർ സംസാരിച്ചു. കെ.നാരായണൻ സ്വാഗതം പറഞ്ഞു.