
കണ്ണൂർ: പരിയാരം എം.എം. നോളജ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന കണ്ണൂർ സർവകലാശാല ടീം ചെസ് സെലക്ഷൻ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വച്ച് സഹോദരങ്ങൾ. പിലിക്കോട് എരവിലെ പി.വി. ധീരജ്, പി.വി. അപർണ എന്നിവരാണ് കണ്ണൂർ യൂണിവേഴ്സിറ്റി ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. അപർണ തുടർച്ചയായി മൂന്നാം തവണയും ധീരജ് നാലാം തവണയുമാണ് കണ്ണൂർ യൂണിവേഴ്സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അപർണ പയ്യന്നൂർ കോളേജിലെ മലയാളം അവസാന വർഷ വിദ്യാർത്ഥിയും ധീരജ് ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമാണ്. സവീത യൂണിവേഴ്സിറ്റി കോയമ്പത്തൂർ, വെൽടെക്ക് യൂണിവേഴ്സിറ്റി ചെന്നൈ, മണിപ്പാൽ യൂണിവേഴ്സിറ്റി ക്യാമ്പസ്, ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റി ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചെസ് മത്സരങ്ങളിൽ കണ്ണൂർ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്താൻ ഇരുവർക്കും കഴിഞ്ഞു. എം.എം. നോളജ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ടീം ചെസ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ അപർണ നയിച്ച പയ്യന്നൂർ കോളേജാണ് ചാമ്പ്യന്മാരായത്. നിരവധി ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ധീരജും അപർണയും കണ്ണൂർ ഡയറ്റിലെ സീനിയർ ലക്ചറർ ഡോക്ടർ കെ. വിനോദ് കുമാറിന്റെയും പി.വി. ഗിരിജയുടെയും മക്കളാണ്.