pinarayi-vijayan

കണ്ണൂർ: ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ. ഖാദർ വിജയിക്കണമെന്നും തലശ്ശേരിയിൽ എൽ.ഡി.എഫിന്റെ എ.എൻ. ഷംസീർ ജയിക്കരുതെന്നും ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി പറഞ്ഞത് നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസും ലീഗും തമ്മിലുള്ള ഡീലിന്റെ വെളിപ്പെടുത്തലാണത്. പിണറായിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്ക് നല്ല വോട്ടുള്ള മണ്ഡലത്തിൽ ജയിപ്പിക്കാമെന്ന കരാർ ലീഗും കോൺഗ്രസും യു.ഡി.എഫും ഏറ്റെടുത്തിരിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥിത്വം തള്ളിപോയ ഗുരുവായൂർ, തലശേരി, ദേവികുളം മണ്ഡലങ്ങളിൽ മാത്രമല്ല, മറ്റ് മണ്ഡലങ്ങളിലും ഈ പ്രത്യുപകാരം നടക്കും. പ്രാദേശികമായി നീക്കുപോക്കുണ്ടെന്ന് ഒ. രാജഗോപാലും നേരത്തെ പറഞ്ഞു. ഒരു ഡീൽ ഉറപ്പിക്കുമ്പോൾ ബി.ജെ.പി അവരുടെ ഗുണം ഉറപ്പാക്കുന്നുണ്ട്. നേമം അതിന് തെളിവാണ്.

പഴയ കോ-ലീ-ബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. കേരളം ആർജിച്ച നേട്ടങ്ങൾ അട്ടിമറിക്കുക എന്ന ഉദ്ദേശ്യമാണ് അവരുടെ പരസ്പര ധാരണയ്‌ക്ക് പിന്നിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷത്തിനൊപ്പം പ്രക്ഷോഭം നടത്താൻ കോൺഗ്രസും യു.ഡി.എഫും തയ്യാറായില്ല. ജോസ് കെ. മാണിയുടെ ലൗ ജിഹാദ് പരാമർശം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അതു അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും പിണറായി പറഞ്ഞു.

ശബരിമല എന്ന് ആവർത്തിച്ച് പറഞ്ഞാൽ വോട്ട് വരില്ല. അത് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതാണ്. ശബരിമല വിഷയം അടഞ്ഞ അദ്ധ്യായമാണ്. വീണ്ടും വീണ്ടും അത് ചോദിച്ചു വരേണ്ടതില്ലെന്നും ക്ഷുഭിതനായി പിണറായി മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.