puttu

നാടും നഗരവും തിരഞ്ഞെടുപ്പ് ചൂടിലമർന്ന് കിടക്കുന്നതിനിടെയാണ് കണ്ണൂരിൽ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റും കോർപ്പറേഷൻ മേയറും തമ്മിലൊരു കള്ളനും പൊലീസും കളി. ഓണത്തിനിടെ പുട്ട് കച്ചവടം എന്ന നിലയിൽ ഈ കളി കണ്ണൂരിൽ ഇപ്പോൾ വൈറലായിരിക്കയാണ്. രണ്ടുപേർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. നാലു വോട്ട് പിടിക്കേണ്ട സമയത്തെ കള്ളനും പൊലീസും കളി വലിയ ചർച്ചയായിരിക്കയാണ്.

ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റിന്റെ മുൻഗാമി ഇപ്പോൾ അഴീക്കോട് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാണ്. കോർപ്പറേഷൻ മേയറുടെ സഹപ്രവർത്തകൻ കണ്ണൂർ മണ്ഡലത്തിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയുമാണ്. ഇവർക്ക് വേണ്ടി വോട്ട് പിടിക്കുന്നതിലുമപ്പുറം സന്തോഷം ഈ കള്ളനും പൊലീസും കളിയിൽ നിന്നു ഇവർക്ക് കിട്ടുന്നുണ്ടോ ആവോ?

കണ്ണൂർ നഗരമദ്ധ്യത്തിൽ കണ്ണായ സ്ഥലത്ത് പ്രാണിദ്രോഹ നിവാരണ സമിതിയുടെ ഓഫീസ് പ്രവർത്തിച്ചു വരുന്നതിനെ ചൊല്ലിയാണ് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റും കോർപ്പറേഷൻ മേയറും കൊമ്പു കോർത്തത്. ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സ്ഥാപനം ഇപ്പോഴാണോ ജില്ലാപ്പഞ്ചായത്ത് അധികൃതർ കാണുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.

മൃഗങ്ങളെ സംരക്ഷിക്കുന്നതിനായുള്ള സൊസൈറ്റിയിൽ ഇവയ്ക്കു വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന പരാതികളെ തുടർന്നായിരുന്നു ജില്ലാപ്പഞ്ചായത്തിന്റെ ഏറ്റെടുക്കൽ.

എന്നാൽ കോർപറേഷൻ പരിധിയിലെ സ്ഥാപനം ജില്ലാപ്പഞ്ചായത്ത് ഏറ്റെടുത്തതാണ് ഇരുഭരണകേന്ദ്രങ്ങളും തമ്മിലുള്ള ശീതസമരത്തിന് വഴിവച്ചത്. മൃഗപരിപാലനത്തിനായി പ്രവര്‍ത്തനം നടത്തേണ്ട സ്ഥാപനം ഇപ്പോള്‍ നടത്തുന്നത് വെറും വാടക പിരിവ് മാത്രമാണെന്നും മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ജില്ലാപ്പഞ്ചായത്ത് നിലപാട്. ഇവിടെയുള്ള എഴുപതോളം പട്ടികള്‍ ഭക്ഷണവും മരുന്നും പരിചരണവും ലഭിക്കാതെ മറ്റൊരു സ്ഥലത്താണുള്ളതെന്നും ഇവർ പറയുന്നു.

എന്തൊക്കെയായാലും കണ്ണൂർ നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഭരണകേന്ദ്രങ്ങൾ തമ്മിലുള്ള പോരിന് ഇനിയും ശമനമായില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ഏതാനും ഉദ്യോഗസ്ഥരും ഈ കെട്ടിടത്തിൽ കയറി നോട്ടീസ് പതിച്ചു. ഇത് തടയാൻ കോർപ്പറേഷൻ മേയറും പ്രാണിദ്രോഹ നിവാരണ സമിതി പ്രവർത്തകരും എത്തിയതോടെ സംഘർഷാവസ്ഥയായി. പൊലീസ് ഇടപെട്ടു. കേസായി. എന്നാൽ ഏറു കൊണ്ട പുലി പോലെ മേയറും പരിവാരങ്ങളും സട കുടഞ്ഞെണീറ്റു. കിട്ടുന്ന സുവർണാവസരം ഉപയോഗിക്കണമെന്നായി ആലോചന.

ഇതിനിടെ ജില്ലാപ്പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കഫേയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം മിന്നൽ റെയ്ഡ് നടത്തി. ഭക്ഷണ പദാർത്ഥങ്ങൾ പരിശോധനയ്‌ക്കായി കൊണ്ടു പോകുമ്പോൾ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റും സംഘവും ചെന്ന് പ്രതിഷേധിച്ചു.
കോർപറേഷൻ ഹെൽത്ത് സൂപ്പർ വൈസർ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലീസിൽ പരാതി നൽകി. മൊത്തം പുകിലയായി. വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോട്ടലിനെ തകർക്കാനാണ് മേയർ ശ്രമിക്കുന്നതെന്ന് പ്രസിഡന്റും പ്രാണിദ്രോഹ നിവാരണസമിതിയുടെ പേരിൽ തങ്ങളെ അപമാനിക്കാനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചതെന്ന് മേയറും പരസ്പരം കുറ്റപ്പെടുത്തിയതോടെ കള്ളനും പൊലീസും കളിക്ക് ക്ളൈമാക്സായി.

നിയമ നടപടിയിലേക്ക്


നേരത്തെ ജില്ലാപ്പഞ്ചായത്ത് പ്രാണിദ്രോഹ നിവാരണ സമിതിയുടെ ഓഫീസ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം ഇപ്പോൾ നിയമ നടപടിയിലേക്ക് നീങ്ങുകയാണ്. ഇതു

സ്വതന്ത്ര സ്ഥാപനമാണെന്നും കോർപറേഷൻ പരിധിയിലുള്ള സ്ഥാപനം ജില്ലാപ്പഞ്ചായത്തിന് ഏറ്റെടുക്കാൻ കഴിയില്ലെന്നുമായിരുന്നു അന്ന് കോർപറേഷന്റെ നിലപാട്.

മൃഗങ്ങളുടെ സംരക്ഷണത്തിനായി സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് 1928 മുതൽ ജില്ലയിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.