കണ്ണൂർ: സഹകരണ ബാങ്കുകളിലെ നിക്ഷേപ വായ്പാ പിരിവുകാർക്ക് നൽകേണ്ട ഇൻസന്റീവ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. പെൻഷനും ബി.പി.എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് കൊവിഡ് കാലത്ത് അനുവദിച്ച പ്രത്യേക ആനുകൂല്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകിയതിനുമുള്ള ഇൻസന്റീവാണ് ഇതുവരെ ലഭിക്കാത്തതായി പരാതി. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ വിതരണം ചെയ്ത സാമൂഹികക്ഷേമ പെൻഷന്റെയും 2020 മേയിൽ ബി.പി.എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് അനുവദിച്ച പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും വീടുകളിൽ എത്തിച്ചു നൽകിയതിവരാണ്.
സാമൂഹിക ക്ഷേമ പെൻഷനുകൾ ഗുണഭോക്താവിന്റെ കൈകളിൽ നേരിട്ട് വിതരണം ചെയ്യുന്ന ജീവനക്കാരന് വേതനമായി ലഭിക്കുന്നത് 40 രൂപയാണ്. ബി.പി.എൽ അന്ത്യോദയ കാർഡ് ഉടമകളുടെ ആനുകൂല്യ വിതരണത്തിനും ഇതേ നിരക്കിൽ ഇൻസന്റീവ് നൽകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. കൊവിഡ് മഹാമാരി, ലോക്ക് ഡൗൺ എന്നീ പ്രയാസങ്ങൾക്കിടയിൽ വളരെയധികം കഷ്ടതയനുഭവിച്ചാണ് 25 ലക്ഷത്തോളം പേർക്ക് വിവിധയിനം ക്ഷേമ പെൻഷനുകളും 14.80ലക്ഷത്തോളം പേർക്ക് കൊവിഡ് ആനുകൂല്യങ്ങളും വിതരണം ചെയ്തത്.
അവസാനമായി മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷനുകളും ഒരുമിച്ച് വിതരണം ചെയ്യാനാണ് സർക്കാർ ഉത്തരവ്. ഇവ ഒരുമിച്ച് വിതരണം ചെയ്യുന്നതിന് ഒരു ഗഡു ഇൻസന്റീവ് മാത്രമേ നൽകൂ എന്നും രജിസ്ട്രാർ ഉത്തരവ് ഇറക്കിയിട്ടുണ്ടത്രെ.
യാത്രാച്ചെലവ് കൂടി
പെൻഷനുകൾ ഒരുമിച്ചാണ് നൽകുന്നതെങ്കിലും രണ്ട് പെൻഷനുകൾ വെവ്വേറെ വിതരണം ചെയ്തതിന്റെ ക്ലറിക്കൽ ജോലികൾ ഇതിനായി ചെയ്യേണ്ടി വരുന്നുണ്ട്. പെൻഷൻ തുക വിവിധ കാലങ്ങളിൽ ജീവിത വില സൂചികയ്ക്കനുസരിച്ച് വർദ്ധിപ്പിച്ചിട്ടും അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവർദ്ധന മൂലം യാത്രാ ചെലവിലുണ്ടായ വർദ്ധന, വിലക്കയറ്റം എന്നിവയൊന്നും കണക്കിലെടുക്കാതെ അഞ്ച് കൊല്ലം മുമ്പ് നിശ്ചയിച്ച ഇൻസന്റീവാണ് വിതരണം ചെയ്യുന്നവർക്ക് നൽകുന്നത്.
ഇത് പോലും മുടക്കം കൂടാതെ നൽകാൻ സർക്കാർ താല്പര്യം കാണിക്കുന്നില്ലെന്നു മാണ് ആരോപണം. ഇരട്ടത്താപ്പാണ് ഇക്കാര്യങ്ങളിൽ കാട്ടുന്നത്.
കോ-ഓപ്പ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ