പയ്യന്നൂർ: 80 വയസ് കഴിഞ്ഞവർക്കുള്ള തപാൽ വോട്ട് രേഖപ്പെടുത്തിയത് സംബന്ധിച്ച് പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി. സത്യപാലൻ അറിയിച്ചു.

പോസ്റ്റൽ ബാലറ്റ് ഉദ്യോഗസ്ഥർ വീടുകളിലെത്തിച്ച് വോട്ട് രേഖപ്പെടുത്തി വാങ്ങുകയാണ് ചെയ്യുന്നത്. ഈ സമയത്ത് പോളിംഗ് ബൂത്തിലേത് പോലെ വോട്ടിംഗ് നിരീക്ഷിക്കാൻ സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്ക് അവകാശമുണ്ട്. കാഴ്ചയില്ലാത്തവർക്കും ശാരീരിക അവശതയുള്ളവർക്കും സഹായിയെ വെച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് നിയമപരമായി തടസമില്ല.

യു.ഡി.എഫിന്റെ പരാതിയിൽ പറയുന്ന വോട്ടറുടെ ആവശ്യ പ്രകാരം എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് സഹായി വോട്ട് രേഖപ്പെടുത്തിയത്. സഹായിയെ നിയമിച്ചുകൊണ്ട് വോട്ടറും ഒപ്പിട്ട് നൽകിയിട്ടുണ്ട്. യു.ഡി.എഫിന് പോളിംഗ് നടപടികൾ വീക്ഷിക്കാൻ പോളിംഗ് ഏജന്റിനെ നിയമിക്കാൻ കഴിയാത്തത് അവരുടെ പോരായ്മയാണ്. സ്വന്തം പോരായ്മകൾ മറച്ചു പിടിക്കാൻ യു.ഡി.എഫ് നടത്തുന്ന കള്ള പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും കനത്ത പരാജയത്തെക്കുറിച്ചുള്ള വേവലാതിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കള്ള പരാതിക്ക് കാരണമെന്നും

സി. സത്യപാലൻ പറഞ്ഞു.