cot-naseer

കണ്ണൂർ: തലശേരിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സി.പി.എം മുൻ കൗൺസിലർ സി.ഒ.ടി. നസീറിനെ ബി.ജെ.പി പിന്തുണയ്ക്കും. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തിലാണ് പിന്തുണയെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു. ബി.ജെ.പിയുടെ പിന്തുണ താൻ അഭ്യർത്ഥിച്ചെന്ന് കണ്ണൂരിലെ വാർത്താസമ്മേളനത്തിൽ നസീർ പറഞ്ഞു. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. അക്രമ രാഷ്ട്രീയത്തിനെതിരായും തലശേരിയുടെ വികസനത്തിനുമായാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജയിച്ച വ്യക്തി എല്ലാവരുടെയും ജനപ്രതിനിധിയാണ്. എന്നാൽ തലശേരിയിൽ നിലവിൽ അങ്ങിനെയല്ലാത്ത സ്ഥിതിയുണ്ട്. എ.എൻ. ഷംസീറാണോ മുഖ്യ എതിരാളിയെന്ന ചോദ്യത്തോട് വ്യക്തിപരമായ മത്സരമല്ല തിരഞ്ഞെടുപ്പെന്നായിരുന്നു സ്ഥാനാർത്ഥിയുടെ മറുപടി. പ്രകടനപത്രികയും സി.ഒ.ടി.നസീർ പുറത്തിറക്കി.