reshma-karivedakam

കാഞ്ഞങ്ങാട്: 2014ലെ ലോകസഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മത്സരിച്ച ദളിത് സർവീസ് സൊസൈറ്റി സ്ഥാനാർത്ഥി ഗോത്രമൂപ്പൻ നെല്ലിക്കാടൻ കണ്ണന്റെ പ്രചരണയോഗങ്ങളിൽ കത്തിക്കയറി കൈയടി നേടിയ ഒരു പതിനെട്ടുകാരിയുണ്ടായിരുന്നു.നിയമസഭ സ്ഥാനാർത്ഥിയാകാനുള്ള നിശ്ചിത പ്രായപരിധിയായ 25 വയസ് പൂർത്തിയായ ആ പെൺകുട്ടി കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാണിപ്പോൾ. കാസർകോട്ടെ അഞ്ച് നിയോജകമണ്ഡലങ്ങളിൽ ആകെ മത്സരിക്കുന്ന 38 സ്ഥാനാർത്ഥികളിലെ ഏക പെൺതരി.

ദളിത് സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അണ്ണാ ഡമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർ‌ത്ഥിയായി രേഷ്മ കരിവേടകമാണ് കാഞ്ഞങ്ങാട്ട് നിന്ന് ജനവിധി തേടുന്നത്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിൽ ഒരാൾ കൂടിയാണ് രേഷ്മ. ദളിത് വിഭാഗത്തിൽപെട്ടവർ ഏറ്റവുമധികം ജീവിക്കുന്ന നിയമസഭ മണ്ഡലങ്ങളിലൊന്നായ കാഞ്ഞങ്ങാട്ട് അവരുടെ അവകാശ സംരക്ഷണമാണ് രേഷ്മ ഉന്നയിക്കുന്ന പ്രശ്നം.പഠനകാലത്ത് തന്നെ ജില്ലയിലെ ദളിത് അവകാശസംരക്ഷണ സമരങ്ങളിലെ സാന്നിദ്ധ്യമായിരുന്നു ഇവർ.പട്ടികവിഭാഗകോളനികളിൽ നേരിട്ടുചെന്ന് പ്രവർത്തിച്ചിട്ടുള്ള പരിചയം പരമാവധി വോട്ടുകൾ നേടിയെടുക്കാൻ തന്നെ സഹായിക്കുമെന്നാണ് രേഷ്മയുടെ പ്രതീക്ഷ.

ഗോത്രമൂപ്പൻ കണ്ണൻ നെല്ലിക്കാടന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ 2014ൽ രേഷ്മയ്ക്ക് മടിക്കൈയിൽ നിന്ന് മർദ്ദനേറ്റിരുന്നു. എന്നാൽ അതിലൊന്നും ഭയമില്ലാതെയാണ് ഇക്കുറി സ്വന്തം നിലയിൽ പ്രചാരണരംഗത്ത് സജീവമായിട്ടുള്ളത്.

കുറ്റിക്കോൽ കരിവേടകത്തെ കൂലിപ്പണിക്കാരായ രഘു-കാർത്യായനി ദമ്പതികളുടെ മൂന്നാമത്തെ മകളാണ് രേഷ്മ.പ്‌ളസ് ടു വിന് ശേഷം സമൂഹ്യപ്രവർത്തനത്തിൽ സജീവമാകുകയായിരുന്നു പ്രവീണാണ് .ഭർത്താവ് .ഒരു കുട്ടിയുണ്ട്.


മുന്നണികളുടെ സ്ഥാനാർത്ഥികൾ കോളനികളിൽ പ്രഖ്യാപനം നടത്തി പോകുന്നതാണ് പതിവ്. മിക്കപ്പോഴും വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നു.തന്റെ മുന്നിലെത്തുന്നവർക്ക് എന്തിനും കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ട്. ആ രീതിയിലാണ് തന്നോടുള്ള അവരുടെ സമീപനം-രേഷ്മ കരിവേടകം