തൃക്കരിപ്പൂർ: നിക്ഷേപ തട്ടിപ്പിൽ കുരുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങളുടെ വീട്ടിലേക്ക് പ്രതിഷേധവുമായെത്തി. കോടികളുടെ തട്ടിപ്പു നടത്തി മുങ്ങി നടക്കുന്ന തങ്ങളെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതിയുമാണ് നിക്ഷേപകർ ഇന്നലെ ചന്തേരയിലെ വീട്ടുമുറ്റത്തെത്തിയത്. ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായ നിക്ഷേപകരിൽ സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേരാണ് ഇന്നലെ രാവിലെ പൂക്കോയയുടെ ചന്തേരയിലെ വീട്ടിലേക്ക് എത്തിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് ചന്തേര പൊലീസ് എസ്.ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രതിഷേധക്കാരെ വീടിനകത്ത് കടക്കുന്നത് തടഞ്ഞ് ഗേറ്റടച്ചു. തുടർന്ന് തങ്ങളുടെ ഭാര്യയുമായി സംസാരിക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടെങ്കിലും ഇടപാടുകൾ സംബന്ധിച്ച് ഞങ്ങൾക്കൊന്നുമറിയില്ലെന്നായിരുന്നു അവരുടെ മറുപടി. എം.സി കമറുദ്ദിൻ എം.എൽ.എയെ മാത്രം അറസ്റ്റ് ചെയ്താൽ നമുക്ക് നീതി കിട്ടുകയില്ലെന്നും പൂക്കോയ തങ്ങളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. കാസർകോട്, നീലേശ്വരം, തൈക്കടപ്പുറം, പടന്ന, വെള്ളച്ചാൽ, ചന്തേര എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് പ്രതിഷേധവുമായി എത്തിയത്.