panchasabha
ഇ.ചന്ദ്രശേഖരനും പി.വി.സുരേഷും പഞ്ചസഭയ്ക്കിടെ

കാസർകോട്: തെക്കൻകേരളവുമായുള്ള അന്തരം കുറച്ചുകൊണ്ടുവരാൻ വലിയ ഇടപെടലാണ് സർക്കാർ നടത്തിയതെന്ന് കാഞ്ഞങ്ങാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.ചന്ദ്രശേഖരൻ. ഈ വികസനത്തിന് ജനം വോട്ടുചെയ്യുമെന്ന റവന്യു മന്ത്രിയുടെ ആത്മവിശ്വാസത്തെ പൂർണമായും നിരാകരിക്കുകയായിരുന്നു യു.ഡി.എഫിലെ എതിർസ്ഥാനാർത്ഥി പി.വി.സുരേഷ്. കാസർകോട് പ്രസ് ക്ളബ്ബിൽ നടന്ന പഞ്ചസഭ സംവാദത്തിലാണ് ഇരുവരും അവകാശവാദങ്ങളും വാഗ്ദാനങ്ങളുമായി ഏറ്റുമുട്ടിയത്.

അഞ്ചുവർഷം കൊണ്ട് മണ്ഡലത്തിൽ 3530 കോടിയുടെ പദ്ധതികൾ നടപ്പാക്കിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വാദം. റോഡ് വികസനത്തിന് മാത്രമായി 900 കോടി ചിലവഴിച്ചു. മലയോരഹൈവേ അടക്കമാണിത്.റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. കാഞ്ഞങ്ങാട് പൈതൃക നഗരമാക്കുന്ന പദ്ധതിക്ക് 10 കോടി അനുവദിച്ചു. പനത്തടി താലൂക്ക് ആശുപത്രി വികസിപ്പിച്ചു.

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 12 കോടി രൂപ തന്റെ ഇടപെടൽ കൊണ്ട് സാധിച്ചു. കാഞ്ഞങ്ങാട് റവന്യു ടവർ നിർമ്മാണം 12 കോടി ചിലവിൽ പൂർത്തിയാക്കി. കാഞ്ഞങ്ങാട് കാണിയൂർ റെയിൽപാത സംബന്ധിച്ച് പല ചർച്ചകളും ഇവിടെ നടക്കുന്നുണ്ട്. കേന്ദ്രസർക്കാർ കാണിച്ച ജാഗ്രത ഇല്ലാത്ത നടപടിയാണ് ഇതിന് തടസം. കാണിയൂർ പാതക്ക് ഈ സർക്കാർ 20 കോടി വകയിരുത്തി ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി-ഇ.ചന്ദ്രശേഖരൻ(എൽ.ഡി.എഫ്)​

സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനായിട്ടും സ്വന്തം മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി.സുരേഷിന്റെ ആരോപണം. തീരദേശ, മലയോര ഭാഗങ്ങളിൽ വികസനം വട്ടപൂജ്യമാണ്. തുടങ്ങിയ പദ്ധതികൾ പലതും പൂർത്തിയാകാതെ കിടക്കുകയാണ്.മലയോര ഹൈവേ കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരാണ്. അമ്മയും കുഞ്ഞും ആശുപത്രി തിരക്ക് പിടിച്ചു ഉദ്ഘാടനം ചെയ്തതാണ്. അവിടെ ഒരു സംവിധാനവുമില്ല. ഹൈടെക് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. കുറെ കെട്ടിടങ്ങളും പാലങ്ങളും കെട്ടിപൊക്കിയാൽ ഹൈടെക്ക് ആകുമോ എന്നും അറിയില്ലെന്നുമായിരുന്നു സുരേഷിന്റെ വിലയിരുത്തൽ. ചന്ദ്രശേഖരന്റെ പ്രവർത്തനത്തിന് വട്ടപ്പൂജ്യം മാർക്കാണ് നൽകുന്നതെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി കുറ്റപ്പെടുത്തി.

ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യു ഭൂമിയുള്ള മണ്ഡലമാണ് കാഞ്ഞങ്ങാട്. മന്ത്രിയുടെ വകുപ്പിന്റെ കൈയിലാണിത്. എന്നിട്ടും ഐ .ടി വിഭാഗത്തിൽ ഉൾപ്പെടെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം കാഞ്ഞങ്ങാട് കൊണ്ടുവരാൻ കഴിഞ്ഞില്ല. വെള്ളരിക്കുണ്ട് താലൂക്കിന് ഒരു ആസ്ഥാനം ഇതുവരെ യാഥാർഥ്യമാക്കിയില്ല. മലയോര പഞ്ചായത്തുകളിലെ കോളനികളിൽ കുടിവെള്ള ക്ഷാമം വലിയ പ്രശ്‌നമാണിന്ന്-പി.വി.സുരേഷ്(യു.ഡി.എഫ്)​