
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പിന്തുണ മുസ് ലിം ലീഗ് സ്ഥാനാർത്ഥികൾക്ക് വേണ്ടെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി . ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ നേരിട്ട് ഫൈറ്റ് ചെയ്യുന്ന ഒരു മണ്ഡലവും കേരളത്തിൽ ഇല്ല. ബി.ജെ.പിയും സി.പി .എമ്മും തമ്മിൽ അപ്ന അപ്ന തന്ത്രമാണ് പലയിടത്തും. ഇവർ തമ്മിലുള്ള അഡ്ജസ്റ്റ്മെൻ്റ് പുറത്താവുമെന്ന ഭയമാണ് കോ-ലി-ബി ആരോപണം.
മുസ് ലിം ലീഗും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളാണ് മഞ്ചേശ്വരവും കാസർകോട്ടും. ഇവിടെ ദുർബലരായ സ്ഥാനാർഥികളെയാണ് ഇടതുപക്ഷം മത്സരിപ്പിക്കുന്നത്. നേമത്തും ശക്തമായ പോരാട്ടമാണ് യു.ഡി.എഫ് നടത്തുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് പ്രചാരണത്തിൽ യു.ഡി.എഫ് ഇപ്പോൾ ബഹുദൂരം മുന്നിലാണ്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടതു മുന്നണിക്ക് തുടർ ഭരണം പ്രവചിച്ച സർവ്വേകൾ മാർക്കറ്റിംഗ് വിഭാഗത്തിന്റേതാണ്.അതിന്റെ തെളിവുകൾ പിന്നീട് പറയാം.ഇരട്ട വോട്ടുകൾ തടയാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനുമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഭരണവിരുദ്ധ തരംഗമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നത് കോൺഗ്രസ് മാത്രം'
കാഞ്ഞങ്ങാട്: നിയമ സഭ തിരഞ്ഞെടുപ്പിൽ കാസർകോടും മഞ്ചേശ്വരത്തും നേമത്തുമടക്കം ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നത് കോൺഗ്രസ് മാത്രമാണെന്ന്മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.വി സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടൊന്നും സി.പി.എമ്മിന് വലിയ റോളില്ല. ഭരണം നിലനിർത്താൻ ബി.ജെ.പിയുമായി കൂട്ടുകൂടി കോൺഗ്രസിനെ അകറ്റാൻ നോക്കുകയാണ് എൽ.ഡി.എഫ് .
നേരത്തെ ത്രിപുരയിൽ ഇങ്ങനെ കോൺഗ്രസിനെ തകർത്തത് പിന്നീട് സി.പി.എമിന് ദുരിതമായി. ഭരണം ബി.ജെ.പി കൊണ്ടു പോയി. യു.ഡി.എഫിന് പാർലമെന്റ് തിരഞ്ഞെടുപ്പിലേതിന് സമാനമായ കുതിച്ചു ചാട്ടം ഇക്കുറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.