കാസർകോട്: മുസ്ലിംലീഗിന്റെ എക്കാലത്തെയും ഉരുക്കുകോട്ടകളായ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ ഉറപ്പിക്കാനും തൃക്കരിപ്പൂരിൽ കെ.എം മാണിയുടെ മരുമകന് പിന്തുണയർപ്പിച്ചും മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എൻ.ഡി.എയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിൽ രണ്ട് മണ്ഡലങ്ങളിലും മുന്നണി പോരാളിയുടെ തുടർച്ചയായ സാന്നിദ്ധ്യം ലീഗ് പ്രവർത്തകരും സ്ഥാനാർത്ഥികളായ എൻ.എ നെല്ലിക്കുന്നും എ.കെ.എം അഷ്റഫും ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്വന്തം മണ്ഡലം കാക്കുകയും മറ്റ് മണ്ഡലങ്ങളിൽ പ്രചാരണ തിരക്കും ഉള്ളതിനാൽ അസാദ്ധ്യമാണെന്ന് കാസർകോട് പാർട്ടിയെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പി.കെ കുഞ്ഞാലിക്കുട്ടി കാസർകോട് എത്തിയത്. പ്രസ് ക്ലബിലെ പഞ്ചസഭയിൽ പങ്കെടുത്ത അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ വ്യക്തമായ രാഷ്ട്രീയമാണ് മുന്നോട്ടുവച്ചത്. എല്ലാ മതങ്ങളെയും വിശ്വാസികളെയും ഒരുപോലെ കാണുന്ന പാർട്ടിയാണ് മുസ്ലിംലീഗെന്നും മഞ്ചേശ്വരവും കാസർകോടും മതേതരത്വത്തിന്റെ ഉരുക്കുകോട്ടയാണെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഫാസിസത്തെ നേരിടുന്നത് ലീഗാണെന്നും ഈ പാർട്ടിക്ക് ബി.ജെ.പി വോട്ട് വേണ്ടെന്ന് പറയാനും കുഞ്ഞാലിക്കുട്ടി ധൈര്യം കാണിച്ചു. തുടർന്ന് ചെർക്കളയിലും മഞ്ചേശ്വരത്തും എത്തിയപ്പോൾ ലീഗ് തേരാളിയെ സ്വീകരിക്കാനും വാക്കുകൾ കേൾക്കാനും ആൾക്കൂട്ടം തടിച്ചുകൂടിയിരുന്നു. നിരവധി ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് നേതാവിനെ കുമ്പള ബംബ്രാണയിലേക്ക് സ്വീകരിച്ചത്. യു.ഡി.എഫ് നേതാക്കളായ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, സി.ടി അഹമദലി, എ. ഗോവിന്ദൻ നായർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ എന്നിവർ കൂടെയുണ്ടായിരുന്നു. ആളുകളുടെ കരഘോഷങ്ങൾക്കിടെ മഞ്ചേശ്വരം മണ്ഡലത്തിലേക്ക്. അവിടെ എം.സി ഖമറുദ്ദീൻ എം.എൽ.എ യായിരുന്നു അദ്ധ്യക്ഷൻ. അനുഗ്രഹം തേടിയ സ്ഥാനാർത്ഥി എ.കെ.എം അഷ്‌റഫിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച ശേഷം രാത്രിയോടെ തൃക്കരിപ്പൂരിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി എം.പി ജോസഫിന്റെ പൊതുയോഗത്തിലും അദ്ദേഹം പങ്കെടുത്തു.