ഇരിട്ടി: കർണാടകയിൽ നിന്നും കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 30 ലിറ്റർ മദ്യവും, 25000 രൂപ വില വരുന്ന നിരോധന പാൻ ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. വടകര ഇരിങ്ങണ്ണൂർ സ്വദേശി വലിയപറമ്പത്ത് വി.പി. അൻസാർ, തലശ്ശേരി തൂവക്കുന്ന് സ്വദേശി വടക്കേൽ പറമ്പത്ത് പി. ജിജു എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
കിളിയന്തറ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് ഇൻസ്‌പെക്ടർ കെ. അനീഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാകുന്നത്. വീരാജ്‌പേട്ടയിൽ നിന്നും മാക്കൂട്ടം ചുരം വഴി കടത്തിക്കൊണ്ടുവന്ന മദ്യവും പാൻ ഉത്പന്നങ്ങളും കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവ കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.