pinarayi-vijayan

കാസർകോട്: അഞ്ചു കൊല്ലം മുമ്പ് നേമത്ത് ബി.ജെ.പി തുടങ്ങിയ അക്കൗണ്ട് ജനങ്ങൾ ഇത്തവണ ക്ലോസ് ചെയ്യുമെന്നും കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയം ഇടതുമുന്നണി നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വികസനത്തിൽ വൻ കുതിച്ച് ചാട്ടം നടത്തിയ സർക്കാരാണിത്. അതുകൊണ്ടു തന്നെ ജനം വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണ്. നുണപ്രചാരണത്തിലൂടെ വികസനം മറച്ച് വയ്‌ക്കാനുള്ള പ്രതിപക്ഷ കുതന്ത്രങ്ങൾ വിലപ്പോവില്ല. അതിനെയെല്ലാം അതിജീവിച്ചു ലോക നിലവാരമുള്ള നവകേരളം സൃഷ്ടിക്കും. വിവാദങ്ങളുടെ ഉത്പാദകരും വിതരണക്കാരുമായി കേരളത്തിലെ പ്രതിപക്ഷം മാറിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷവും ചില മാദ്ധ്യമങ്ങളും തയ്യാറാകുന്നില്ല. അഞ്ച് വർഷം മുമ്പത്തെ കേരളമാണോ ഇപ്പോൾ എന്ന് യു.ഡി.എഫും ബി.ജെ.പിയും പറയണം. എത് പാവപ്പെട്ട കുട്ടിക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം കിട്ടുന്നുണ്ട്. പൊതുവിദ്യാലയങ്ങൾ പൂട്ടണം എന്നാണോ പ്രതിപക്ഷനേതാവ് ഉദ്ദേശിക്കുന്നത്. പരീക്ഷകൾ നടത്തിയാൽ തടയും,​ പരീക്ഷ നടത്തുന്നത് ഭ്രാന്താണ് എന്നൊക്കെയാണ് പറഞ്ഞത്. എല്ലാം ജനങ്ങളുടെ മനസിൽ ഉണ്ടാകും. എത്ര നുണകൾ പ്രചരിപ്പിച്ചിട്ടും കാര്യമില്ല. ഇതിനുള്ള മറുപടി ജനം ഏപ്രിൽ ആറിന് തരും.

ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നു. കോൺഗ്രസ് ബി.ജെ.പിക്ക് ഒപ്പം ചേർന്ന് എൽ.ഡി.എഫിനെ ആക്രമിക്കുകയാണ്. അഞ്ചു കൊല്ലം മുമ്പ് ബി.ജെ.പി തുടങ്ങിയ അക്കൗണ്ട് നേമത്തെ ജനങ്ങൾ ഇത്തവണ ക്ലോസ് ചെയ്യും. മതം അടിസ്ഥാന്നമാക്കി പൗരത്വം നിർണയിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടന തകർക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി. ഉത്തർപ്രദേശിൽ ട്രെയിനിൽ കന്യാസ്ത്രികളെ ആക്രമിച്ചത് ന്യായീകരിക്കുകയാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കേരളത്തിൽ വന്ന് കേന്ദ്രമന്ത്രി പച്ചക്കള്ളം പറയുന്നു.

കേന്ദ്ര ഏജൻസികളുടെ കർസേവയ്ക്ക് യു.ഡി.എഫ് വെള്ളവും വെളിച്ചവും നൽകുകയാണ്. ബി.ജെ.പി -യു.ഡി.എഫ് ധാരണ പരസ്യമായി കഴിഞ്ഞു. ജനഹിതം അട്ടിമറിക്കാൻ അക്രമങ്ങളും അപവാദ പ്രചാരണങ്ങളും നടത്തുന്നു. അന്വേഷണ ഏജൻസികളുടെ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടായേക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വ്യക്തിഹത്യനടത്തിയാലൊന്നും പൊതുവികാരം അട്ടിമറിക്കാനാവില്ല. പല കുതന്ത്രങ്ങളും പയറ്റുകയാണ്. എൽ.ഡി.എഫ് പ്രവർത്തകർ ആ പ്രകോപനങ്ങളിൽ വീഴരുത്. കല്യാശേരിയിൽ ഗർഭിണിയെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.