മട്ടന്നൂർ: നഗരസഭാ കെട്ടിടങ്ങളിലെ വ്യാപാരികൾക്കു വാടക വർദ്ധന. കൊവിഡ് സാഹചര്യത്തിൽ വ്യാപാരം പ്രതിസന്ധിയിൽ ആയതിനാൽ വാടക വർദ്ധന ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരിക്കെയാണ് ഇത്തവണ 10 ശതമാനം വർദ്ധിപ്പിച്ചത്. മുൻ വർഷങ്ങളിൽ 3മുതൽ 7ശതമാനം വരെ മാത്രമേ വാടക വർദ്ധിപ്പിച്ചിട്ടുള്ളൂവെന്നും നഗരസഭ ഇത്തവണ ഭീമമായ ഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.
12ശതമാനം വർദ്ധന വരുത്തിക്കൊണ്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. വ്യാപാരി സംഘടനകൾ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് 10 ശതമാനമാക്കി. മാറ്റിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ ഇത്തവണ വാടക വർദ്ധന ഒഴിവാക്കിയിരിക്കെയാണ് മട്ടന്നൂരിൽ മാത്രം വർദ്ധിപ്പിച്ചത്. വർദ്ധന ഒഴിവാക്കിയില്ലെങ്കിൽ സമരം ചെയ്യേണ്ടിവരുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി. നഗരസഭാ കെട്ടിടങ്ങളിലെ വ്യാപാരികൾ ചേർന്ന് പ്രത്യേകം സംഘടന രൂപീകരിക്കാൻ തീരുമായിച്ചിട്ടുണ്ട്. ലൈസൻസ് ഫീസും തൊഴിൽ നികുതിയും വർദ്ധിപ്പിച്ചതിനു പുറമെ വാടകയും വർദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ പറഞ്ഞു.