ep-jayarajan

കണ്ണൂർ: ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് സി.പി. എം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജൻ. രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണമെന്ന പാർട്ടി തീരുമാനത്തെ തുടർന്ന് താൻ മത്സരിക്കാനില്ലെന്ന് ജയരാജൻ നേരത്തെ പാർട്ടി യോഗങ്ങളിലും മറ്റും വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചു. രണ്ട് ടേം നിബന്ധന പാലിച്ചാണ് മത്സരത്തിൽ നിന്ന് മാറിയത്. ഇനി തിരഞ്ഞെടുപ്പ് വയ്യ. ആരോഗ്യ പ്രശ്നങ്ങളുണ്ട്. പ്രായവുമായി. പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും പാർട്ടിയെ നിലപാട് ബോദ്ധ്യപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു.

കണ്ണൂർ മണ്ഡലം എൽ.ഡി. എഫ് പ്രകടനപത്രിക പ്രകാശനത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാണുന്ന പോലെയല്ല. രോഗം വന്നു. തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും മുഴുകാനുള്ള ആരോഗ്യപരമായ സാദ്ധ്യതകൾ കുറഞ്ഞുവരുന്നു. ക്ഷീണം ബാധിക്കുന്ന പ്രായമാണെന്നും ജയരാജൻ പറഞ്ഞു.
'പിണറായി വിജയൻ പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താൻ സാധിച്ചാൽ ഞാൻ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാൻ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെക്കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. നിശ്ചയദാർഢ്യവുമുണ്ട് - ജയരാജൻ കൂട്ടിച്ചേർത്തു.

പാർട്ടി സെക്രട്ടറി സ്ഥാനമാണോ നോട്ടമെന്ന ചോദ്യത്തിന് അതൊക്കെ നിങ്ങളുടെ വ്യാഖ്യാനമാണെന്നു പറഞ്ഞ് ജയരാജൻ ഒഴിഞ്ഞുമാറി.

നേരത്തെ അഴീക്കോട് മണ്ഡലത്തിൽ ഒരുതവണ തോൽക്കുകയും അടുത്തതവണ ജയിക്കുകയും ചെയ്ത ജയരാജൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായതോടെ കുറച്ചുകാലം പാർലമെന്ററി രംഗത്തുനിന്ന് മാറിനിന്നു. വീണ്ടും 2011ൽ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചു. കഴിഞ്ഞ തവണ മട്ടന്നൂരിൽ ജയിച്ചാണ് ജയരാജൻ മന്ത്രിയായത്.