booth
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂർ കലക്ടറേറ്റിൽ ഒരുക്കിയ ഹരിത ബൂത്ത്‌

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് സാമഗ്രികൾ വിതരണത്തിനെത്തി. 167 ഓളം ഇനങ്ങൾ ഇതിനോടകം കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ നിന്ന് ആർ.ഒ, ഇ.ആർ.ഒ എന്നിവർക്ക് കൈമാറി. ഇവ ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഏപ്രിൽ അഞ്ചിന് അതത് പോളിംഗ് ബൂത്തുകളിലെത്തിക്കും.

ആർ.ഒ, എ.ആർ.ഒ, മൈക്രോ ഒബ്‌സർവർ, സോണൽ സ്‌ക്വാഡ്, പോസ്റ്റൽ ബാലറ്റ് ടീം, പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥർ, ഡ്രൈവർമാർ എന്നിവർക്കുള്ള കൊവിഡ് കിറ്റ്, വോട്ടർമാർക്കുള്ള സാനിറ്റൈസർ, ആബ്‌സന്റീ വോട്ടർമാർക്കുള്ള ഫോറം, , സ്റ്റാറ്റ്യൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി ഫോറങ്ങൾ, എക്‌സ്‌പെന്റീച്ചർ ഫോറവും രജിസ്റ്ററുകളും, കൈപ്പുസ്തകങ്ങൾ, സീലുകൾ, ടാഗുകൾ, തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബ്രോഷറുകളും, വോട്ടേഴ്‌സ് സ്ലിപ്, കവറുകൾ തുടങ്ങിയവ നേരത്തെ എത്തിച്ചിരുന്നു.

പെൻസിൽ, സ്റ്റാമ്പ് പാഡ്, പേന, പേപ്പർ പിൻ, പശ, തീപ്പെട്ടി, ബ്ലേഡ്, വെളുത്ത നൂൽ, കോട്ടൺ, മഷി, മെഴുകുതിരി, റബ്ബർ ബാൻഡ്, സെല്ലോ ടാപ്പ്, മോക് പോളിനുള്ള എൻവലപ്പുകൾ, മെറ്റൽ റൂളർ തുടങ്ങിയവയാണ് അനുബന്ധ സാമഗ്രികൾ.

ബൂത്തുകളിൽ ഹൈടെക് സുരക്ഷ
കൊവിഡ് 19 പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള തിരഞ്ഞെടുപ്പായതിനാൽ ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റ്, ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയ കൊവിഡ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനിലേക്ക് തെർമ്മൽ സ്‌കാനറും ലഭ്യമാക്കും. ഉദ്യോഗസ്ഥർക്ക് കൊടുക്കുന്നതിന് പുറമെ ഓരോ ബൂത്തിലും അഞ്ച് ലിറ്റർ സാനിറ്റൈസറും ഏർപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് സംബന്ധമായ സാമഗ്രികൾ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാരും ബൂത്തിലേക്കാവശ്യമായ സാമഗ്രികൾ ഇ.ആർ.ഒമാരുമാണ് കൈകാര്യം ചെയ്യുക.

ആകെ ബൂത്തുകൾ 3137

മണ്ഡ‌ലം തിരിച്ച്
പയ്യന്നൂർ 268

തളിപ്പറമ്പ് 318

ഇരിക്കൂർ 298

കല്ല്യാശ്ശേരി 282

അഴീക്കോട് 279

കണ്ണൂർ 262

ധർമ്മടം 298

തലശ്ശേരി 263

കൂത്തുപറമ്പ് 298

മട്ടന്നൂർ 295

പേരാവൂർ 276

സ്വകാര്യ മേഖലയിലെ വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണം.ജില്ലയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടു കൂടിയുള്ള അവധി നൽകണം. ഇത്തരത്തിൽ ഒരു ജീവനക്കാരന് അവധി അനുവദിക്കുന്നത് മൂലം സ്ഥാപനത്തിന് അപകടമോ വലിയ നഷ്ടമോ ഉണ്ടാകുന്നുണ്ടെങ്കിൽ അയാൾക്ക് വോട്ട് ചെയ്ത് തിരിച്ചുവരാൻ പ്രത്യേക അനുമതി നൽകണം. . ഇത് പാലിച്ചില്ലെങ്കിൽ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 135ബി വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും.

-ജില്ലാ കളക്ടർ ടി.വി സുഭാഷ് (വരണാധികാരി)