mulla

കാസർകോട്: ആർ.എസ്.എസിനോടും ബി.ജെ.പിയോടും അത്രയ്ക്ക് വിരോധമുണ്ടെങ്കിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ദുർബലനായ വി.വി. രമേശനെ എന്തിനാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയതെന്ന ചോദ്യവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ ആയിരിക്കെ ബി.ജെ.പിയുമായി നല്ല ചങ്ങാത്തം ഉണ്ടായിരുന്ന രമേശനെ സ്ഥാനാർത്ഥിയാക്കിയത് അവരെ സഹായിക്കാനല്ലേയെന്നും അദ്ദേഹം ചോദിച്ചു.

കാസർകോട് വാർത്താലേഖകരോട് സംസാരിക്കവേയാണ് മുല്ലപ്പള്ളിയുടെ ചോദ്യം. ആർ.എസ്.എസ് -ബി.ജെ.പി ബന്ധം പരസ്യമായപ്പോൾ പിണറായി വിജയൻ അതിന്റെ പാപഭാരം മുഴുവൻ കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് മുഖ്യമന്ത്രിക്ക് വലിയ ആശങ്കയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം കേരളം മുഴുവൻ സഞ്ചരിക്കാൻ തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏതാനും യോഗങ്ങളിൽ മാത്രം പങ്കെടുത്ത പിണറായി പ്രചരണം ഏറ്റെടുത്ത് ഇത്തവണ രംഗത്തുവരുന്നു. എന്താണ് അദ്ദേഹത്തിന് പറയാനുള്ളത്. ഓരോ യോഗങ്ങളിലും കൊച്ചുവർത്താനം പറഞ്ഞു പോവുകയല്ലേ. പതിവു പല്ലവി മാത്രമല്ലാതെ പുതിയ എന്തെങ്കിലും കാര്യം പിണറായി പറയുന്നുണ്ടോ?. പിണറായിയുടെ യോഗങ്ങളിൽ വലിയ ആൾക്കൂട്ടം ഒന്നും ഉണ്ടാകുന്നില്ല. എന്നാൽ രാഹുൽ ഗാന്ധി പങ്കെടുത്ത എറണാകുളത്തെയും ആലപ്പുഴയിലെയും കോട്ടയത്തെയും പരിപാടികളിൽ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. സി.ടി. അഹമ്മദലി, സി.കെ. ശ്രീധരൻ, ഹക്കീം കുന്നിൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഏജൻസികൾ ഞങ്ങളെയും കണ്ടിരുന്നു

യു.ഡി.എഫ് മിന്നുന്ന വിജയം കാഴ്ചവയ്ക്കും. 90 കോടി ചെലവഴിച്ച് പി.ആർ. ഏജൻസിയെ വച്ച് സർവ്വേ നടത്തിയാണ് ഇടതു മുന്നണി വിജയം അവകാശപ്പെടുന്നത്. ഏജൻസികൾ ഞങ്ങളെയും സമീപിച്ചിരുന്നതായി മുല്ലപ്പള്ളി അവകാശപ്പെട്ടു.