കാസർകോട്: ഇടതുനായകൻ നേരിട്ടെത്തിയതോടെ നാടിളകി. കാസർകോട്ടെ അഞ്ചു മണ്ഡലങ്ങളിലെയും പ്രവർത്തകർക്ക് ആവേശം നിറച്ചാണ് മുഖ്യമന്ത്രി ഇന്നലെ മടങ്ങിയത്. വൻജനാവലിയായിരുന്നു എല്ലാപരിപാടിയിലും. മുദ്രാവാക്യം വിളികളും അഭിവാദ്യങ്ങളുമായി ഇളകിയ പ്രവർത്തകർ പിണറായിയിലും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രസംഗങ്ങൾ പ്രകടമാക്കി.
കണ്ണൂരിലെ പരിപാടി കഴിഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് മുഖ്യമന്ത്രി കാസർകോട്ട് എത്തിയത്. പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള സിറ്റി ടവറിൽ ആയിരുന്നു താമസം. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ, ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ കെ.പി സതീഷ് ചന്ദ്രൻ എന്നിവർ അതിരാവിലെ തന്നെ എത്തി. ജില്ല പൊലീസ് മേധാവി വി.ബി. രാജീവ്, കാസർകോട് ഡിവൈ. എസ്.പി പി.പി സദാനന്ദൻ എന്നിവർ സുരക്ഷാകാര്യങ്ങൾക്ക് നേതൃത്വം വഹിച്ചു.
നിശ്ചയിച്ചതു പ്രകാരം കൃത്യം 9.30 ന് തന്നെ മാദ്ധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി എത്തി. പതിവിൽ കവിഞ്ഞ ഉന്മേഷവും വാക്കുകളിൽ മൂർച്ചയും പ്രകടമായിരുന്നു. ഇടക്ക് മൈക്ക് പിണങ്ങിയ ചെറിയൊരു ഇടവേള വിട്ട് 45 മിനുട്ട് നേരം നീണ്ടുനിന്ന സംസാരം സർവ വിഷയവും സ്പർശിച്ചുകൊണ്ടായിരുന്നു. അഞ്ച് കൊല്ലത്തെ ഭരണനേട്ടത്തിൽ നവകേരളത്തിന്റെ ചുവടുവെപ്പുകൾ അദ്ദേഹം എടുത്തുകാട്ടി. ദേശീയ അന്വേഷണ ഏജൻസികളെയും ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രചാരണങ്ങൾക്കും എതിരെ ആഞ്ഞടിക്കുകയായിരുന്നു മുഖ്യമന്ത്രി. 'വ്യക്തിപരമായി അധിക്ഷേപിക്കുന്ന കുതന്ത്രങ്ങൾ ഇനിയും വരും, കരുതണം ' എന്ന പരാമർശം എന്തിന്റെയോ സൂചനയാണെന്ന് തോന്നി.
കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പ്രചാരണമെന്ന നിലയിൽ മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിലെ പന്തലിൽ ആയിരുന്നു ആദ്യപരിപാടി. മതന്യൂനപക്ഷങ്ങളുടെയും ഭാഷാന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം കൊണ്ട് നിറഞ്ഞിരുന്നു പന്തൽ. ആയിരകണക്കിന് ബഹുജനങ്ങൾ നായകനെ കാത്തുണ്ടായിരുന്നു 10.45 ന് പിണറായി എത്തുമ്പോൾ ലീഗിനെ കണക്കിന് പരിഹസിച്ച് ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ കത്തിക്കയറുകയായിരുന്നു. വി.പി.പി മുസ്തഫയും ബി.വി. രാജനും സംസാരിച്ച ശേഷമായിരുന്നു പിണറായിയുടെ തുടക്കം..
നേട്ടങ്ങൾ എണ്ണിപറഞ്ഞ് 40 മിനുട്ട് പ്രസംഗം. മഞ്ചേശ്വരത്ത് വി.വി. രമേശനെയും കാസർകോട്ട് എം.എ. ലത്തീഫിനെയും നിയമസഭയിൽ എത്തിക്കണമെന്ന് പറഞ്ഞപ്പോൾ നിർത്താതെ കരഘോഷം. യുവജന പ്രവർത്തകരുടെ ഉപഹാരമായി പോത്തോട്ടത്തിന്റെ ദൃശ്യവും പെൺകുട്ടികൾ വരച്ച തന്റെ ചിത്രവും വാങ്ങിയ ശേഷം മടക്കം. ഉച്ചയോടെയാണ് ഇരട്ടക്കൊല കാരണം ഏറെ അപഖ്യാതി നേരിടേണ്ടിവന്ന പെരിയയിൽ എത്തിയത്. വൻജനാവലിയെ സാക്ഷിനിർത്തി തുടർഭരണത്തിന് അഭ്യർത്ഥന. ഉദുമയിൽ സി.എച്ച് .കുഞ്ഞമ്പുവിനെയും കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരനെയും ജയിപ്പിക്കാൻ ആഹ്വാനം. അഞ്ച് ദിവസത്തിനകം വലിയ ബോംബ് പൊട്ടിക്കാൻ ചിലർ കാത്തിരിക്കുന്നു ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയാണ് എല്ലാവരെയും അഭിവാദ്യം ചെയ്തിറങ്ങിയത്.
വൈകുന്നേരം നാല് മണിക്ക് പിണറായി തൃക്കരിപ്പൂരിൽ എത്തുമ്പോൾ മിനി സ്റ്റേഡിയം ചെങ്കടലായിരുന്നു. നീലേശ്വരം മുതൽ തൃക്കരിപ്പൂർ വരെയുള്ള എല്ലാ വഴികളും വാഹനങ്ങളും പിണറായിയുടെ പരിപാടിയിലേക്കായിരുന്നു. സ്ഥാനാർത്ഥി എം. രാജഗോപാലനെ വിജയിപ്പിക്കാൻ അഭ്യർത്ഥിച്ച പിണറായി പയ്യന്നൂരിലെ ടി.ഐ. മധുസൂദനന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും പങ്കെടുത്താണ് ജില്ലയിലെ പ്രചാരണം അവസാനിപ്പിച്ചത്.