ചെറുപുഴ: കാനംവയൽ മരുതുംതട്ടിൽ വാക്ക് തർക്കത്തെ തുടർന്ന് അയൽക്കാരനെ വെടിവച്ചുകൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മരുതുംതട്ടിലെ ഇയാളുടെ വീടിന് സമീപമുള്ള കൈത്തോടിനടുത്ത് അവശനിലയിൽ കാണപ്പെട്ട വാടാതുരത്തേൽ ടോമിയെ ചെറുപുഴ സി.ഐ കെ.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ 25ന് രാവിലെ എട്ട് മണിക്കായിരുന്നു ടോമി അയൽക്കാരനായ കൊങ്ങോലയിൽ സെബാസ്റ്റ്യനെ (ബേബി -62) വെടിവച്ച് കൊന്നത്. പിന്നീട് ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പിടികിട്ടാത്ത സാഹചര്യത്തിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.