കാസർകോട്: മയക്കുമരുന്ന്, പീഡന കേസുകളിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ചെർക്കള ബംബ്രാണി നഗറിലെ മൊയ്തീൻ കുഞ്ഞി (43) ആണ് പിടിയിലായത്. വിദ്യാനഗർ, കാസർകോട്, കുമ്ബള, ബേക്കൽ, കാഞ്ഞങ്ങാട് പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് വിദ്യാനഗർ സി.ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. ജാമ്യമെടുക്കാതെ മുങ്ങി നടക്കുകയായിരുന്ന പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട്ടെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം ചെർക്കളയിലെ ഒരു ക്വാർട്ടേഴ്സിലെത്തിയിരുന്നു. ഈ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഉദുമ പടിഞ്ഞാറിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, ഇതേ കേസിൽ പ്രതിചേർക്കപ്പെട്ടവരെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലും ഇയാൾ പ്രതിയാണ്. കൂടാതെ കണ്ണൂർ മട്ടന്നൂർ വിമാനത്താവളത്തിൽ വെച്ച് ഹാഷിഷ് ഓയിലുമായി മൊയ്തീൻ നേരത്തെ പിടിയിലായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .