cm

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമ്മടത്ത് ഏപ്രിൽ മൂന്നിന് സ്വരലയയുടെ നേതൃത്വത്തിൽ 'വിജയം' എന്ന പേരിൽ മെഗാഷോ സംഘടിപ്പിക്കും. നവകേരള നിർമ്മിതിക്ക് സാംസ്കാരിക ലോകവും ഒപ്പം എന്ന ഹാഷ് ടാഗോടെയുള്ള പരിപാടിയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ് ,​സുഹാസിനി, ഇന്നസെന്റ്, ഇന്ദ്രൻസ്, നവ്യാനായർ,​ തുടങ്ങി നൂറോളം കലാകാരന്മാർ പങ്കെടുക്കും. ധർമ്മടം അബുചാത്തുക്കുട്ടി സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി. നടി നിഖില വിമൽ കൊറിയോഗ്രാഫി ചെയ്ത നവകേരളം എന്ന നൃത്തപരിപാടിയോടെയാണ് തുടക്കം. കേരളം നേരിട്ട പ്രതിസന്ധികൾക്കിടയിൽ ആശ്വാസത്തിന്റെ തുരുത്തായി മാറിയ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പൂർണമായും വരച്ചു കാട്ടുന്നതായിരിക്കും പരിപാടിയെന്ന് സംഘാടകർ പറയുന്നു. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് ഷോ ഡയറക്ടർ. കൈരളി ടി.വിയും സ്വരലയയും ചേർന്നാണ് സംഘടിപ്പിക്കുന്നത്. സരോദിൽ വിസ്മയം വിരിയിച്ച ഉസ്താദ് അംജദ് അലിഖാന്റെ മക്കളായ അമാൻ അലിഖാനും അയാൻ അലിഖാനും പങ്കെടുക്കും. പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയുടെ കച്ചേരിയും കൽപ്പാത്തി ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പകയും ഷോയ്ക്ക് കൊഴുപ്പേകും.ഹരീഷ് ശിവരാമകൃഷ്ണന്റെയും സിത്താര കൃഷ്ണകുമാറിന്റെയും സംഗീതപരിപാടിയുമുണ്ട്. കഥാകൃത്ത് ടി.പത്മനാഭൻ മുഖ്യാതിഥിയാകും.