
കണ്ണൂർ: കണ്ണൂരിന് വികസനം വേണമെന്നും ഇതിനായി രാഷ്ട്രീയ ചിന്ത മാറ്റിവച്ച് ഒന്നിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്നും കണ്ണൂർ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥികളായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും സതീശൻ പാച്ചേനിയും ഒപ്പം ബി.ജെ.പി നേതാവ് എം.കെ. വിനോദും. എമേർജിംഗ് കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ റോഡ് മാപ് ടു 2026 എന്ന പേരിൽ സ്ഥാനാർത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചു നടത്തിയ ചർച്ചയിലാണ് നേതാക്കന്മാരുടെ പ്രഖ്യാപനം.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി യോജിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രം സഹായം തന്നതിനെ അഭിനന്ദിക്കുകയും ചില സമയങ്ങളിൽ വിയോജിക്കുകയും ചെയ്തിട്ടുണ്ട്. വികസനത്തിനായി ഇനിയും കൈകോർക്കാൻ തയാറാണെന്നായിരുന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അഭിപ്രായം. കണ്ണൂരിന്റെ വികസനത്തിനായി യോജിച്ച പ്ലാറ്റ് ഫോം വേണമെന്നും എല്ലാവരും ഒന്നിച്ചുനിന്നാൽ സമ്പൂർണ വികസനം നടപ്പിലാക്കാൻ കഴിയുമെന്നും എതിർസ്ഥാനാർത്ഥി സതീശൻ പാച്ചേനി പറഞ്ഞു. കണ്ണൂരിന്റെ വികസനത്തിനായി കൈകോർക്കാൻ തയ്യാറാണെന്നു തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും ഇതിനായി പലപ്പോഴും മന്ത്രിമാരെയും എം.എൽ.എമാരെയും കണ്ടിട്ടുണ്ടെന്നുമായിരുന്നു ബി.ജെ.പി നേതാവ് എം.കെ വിനോദിന്റെ അഭിപ്രായം.
കൃത്യമായ ആസൂത്രണവും കർമ്മശേഷിയും ഇല്ലാത്തതിനാലാണ് വികസനം കൃത്യമായി നടക്കാത്തതെന്ന് റബ്‌കോ ചെയർമാനും സി.പി.എം നേതാവുമായ എൻ. ചന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ പാതിവഴിയിലാണെന്നും തുടങ്ങുമെന്ന് പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ പലതും ആരംഭിച്ചിട്ടില്ലെന്നും മോഡറേറ്ററായ ദിശ ചെയർമാൻ സി. ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.
പോസിറ്റീവ് കമ്മ്യൂൺ ഫൗണ്ടർ ചെയർമാൻ കെ.പി. രവീന്ദ്രൻ, റിട്ട .അഡ്മിറൽ മോഹനൻ, എം.കെ. നാസർ, ആർ.വി. ജയദേവൻ എന്നിവർ സംബന്ധിച്ചു. ദിശ കണ്ണൂർ, ടീം ഹിസ്റ്ററിക്കൽ ഫ്‌ളൈറ്റ് ജേർണി, കേരള ചേമ്പർ ഓഫ് കോമേഴ്‌സ്, വാക്, പോസിറ്റീവ് കമ്മ്യൂൺ, കണ്ണൂർ ഡെവലപ്പ്‌മെന്റ് കമ്മ്യൂണിറ്റി, സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്‌സ് ഓഫ് കേരള എന്നിവയുടെ കൂട്ടായ്മയാണ് എമെർജിംഗ് കണ്ണൂർ.