
പാനൂർ: തിരഞ്ഞെടുപ്പൊരുക്കത്തിൽ നന്നായി ഉറങ്ങാൻ പോലും പറ്റാത്തവരാണ് മിക്ക സ്ഥാനാർത്ഥികളും. ദിനചര്യകൾ മിക്കതും തെറ്റും. പക്ഷേ, കൂത്തുപറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.മോഹനനും യു.ഡി.എഫ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുള്ളയും രാവിലത്തെ പതിവ് നടത്തം ഒഴിവാക്കാൻ ഒരുക്കമല്ല. നിന്നുതിരിയാൻ സമയമില്ലാത്ത അവസ്ഥയിലും പതിവ് ചര്യകൾ പരമാവധി മുടക്കാതെ നോക്കുകയാണ് രണ്ടുപേരും.
ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്ന പതിവാണ് കെ.പി മോഹനന്. തുടർന്ന് വീട്ടുമുറ്റത്തെ ചരലിലൂടെ കുറച്ചു സമയം നടക്കും. എണ്ണ തേച്ച് അല്പനേരം കസർത്ത്. പിന്നാലെ വീടിന് മുന്നിലെ വയലിലെത്തി അല്പം കൃഷികാര്യം. തിരഞ്ഞെടുപ്പ് കാലത്ത് ആഴത്തിലുള്ള വായന കുറവാണെങ്കിലും പത്രവായന നിർബന്ധം . പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴേക്കും പ്രവർത്തകരുടെ തിരക്കായി. ഇതിനുശേഷമാണ് പ്രാതൽ. ഇഷ്ടം പച്ചക്കറികളും മോരും കൂട്ടിയുള്ള ഊണ് .
യു.ഡി.എഫ് സ്ഥാനാർത്ഥി പൊട്ടക്കണ്ടി അബ്ദുള്ളയ്ക്കും കാലത്ത് നാലരമണിയോടെ ഉണരുന്ന പതിവാണുള്ളത്. പ്രഭാത നമസ്കാരകർമ്മത്തിന് ശേഷം അല്പനേരം നടത്തം .പത്രവായനയ്ക്ക് ശേഷം 7 മണി മുതൽ 8 മണി വരെ വീട്ടിലെത്തുന്ന പ്രവർത്തകർക്കൊപ്പം അല്പനേരം ചർച്ചയും നിർദ്ദേശം നൽകലും. തുടർന്നാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. രാത്രി 10 മണിക്കും മുമ്പെ ഉറക്കം
നേരത്തെ ഉണരുന്നയാളാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി. സദാനന്ദനും. പത്രവായനയും സോഷ്യൽ മീഡിയ നോക്കുന്നതും ഈ സമയത്താണ്. തിരഞ്ഞെടുപ്പായതിനാൽ ഗഹനമായ വായനയ്ക്ക് സമയമില്ലെന്നാണ് മാസ്റ്ററുടെ പരാതി. പാലക്കൂലിലെ വീട്ടിലേക്ക് രാവിലെ 7 മണിയോടെ പ്രവർത്തകർ എത്തും. അനുഭാവികളുടെ വീട്ടിൽ നിന്നാണ് മിക്ക ദിവസവും പ്രഭാത ഭക്ഷണം. കുടുംബയോഗങ്ങൾക്കാണ് കൂടുതലും സമയം നീക്കിവെക്കുന്നത്.