
കണ്ണൂർ: മോദിയും രാഹുലും പ്രിയങ്കയും വരെ ഒരേ ഭാഷയിലാണ് സംസ്ഥാന സർക്കാരിനെതിരെ സംസാരിക്കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം ഏറ്റുമുട്ടുന്നവർ പോലും ഒറ്റക്കെട്ടായി നിന്ന് ഇടതുപക്ഷ തുടർഭരണം വരുന്നതിനെ എതിർക്കുന്നു. രാജ്യത്തിന്റെ ഭരണാധികാരികൾ എല്ലാം കോർപറേറ്റുകൾക്ക് കൈമാറുമ്പോൾ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടും സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയും അഞ്ചുവർഷം പൂർത്തിയാക്കിയ സർക്കാരാണ് കേരളത്തിൽ. ഇതു തുടരേണ്ടതുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ കള്ളക്കഥകളുമായി തിരഞ്ഞെടുപ്പു പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. ഈ കഥകളൊന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നും എൽ.ഡി.ഫ് വീണ്ടും അധികാരത്തിൽ വരുമെന്നും എസ്.ആർ.പി പറഞ്ഞു.