നീലേശ്വരം: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയായ ഇന്നലെയും അതിന് മുമ്പുള്ളദിവസവും ഇതിനായി അക്ഷയ സെന്ററുകളിലെത്തിയവർക്ക് നിരാശ. രണ്ടു ദിവസമായി രാവിലെ മുതൽ തന്നെ അക്ഷയ സെന്ററുകളിലും ജനസേവന കേന്ദ്രങ്ങളിലും പോയവർക്ക് ഇവ ബന്ധിപ്പിക്കാനായില്ല. സർവർ തകരാർ എന്ന കാരണം പറഞ്ഞ് കേന്ദ്രങ്ങളിൽ നിന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നുവത്രെ. എന്നാൽ പാൻ കാർഡും ആധാരും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടിക്കൊണ്ട് ഇന്നലെ വൈകിട്ട് ഉത്തരവിറങ്ങിയിട്ടുണ്ട്.
നേരത്തെ പലതവണ തീയതി നീട്ടി നല്കിയാണ് മാർച്ച് 31 അവസാന തീയതിയായി പ്രഖ്യാപിച്ചത്. പിന്നീട് ഇവ ബന്ധിപ്പിക്കാത്ത പാൻ കാർഡ് സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 1000 രൂപ വരെ പിഴ ഈടാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടിന് തടസമാകുമോയെന്ന ആശങ്കയിലാണ് അവസാന നാളുകളിൽ ആളുകൾ സേവനകേന്ദ്രങ്ങളിലേക്ക് പോയത്. ഇന്നലെ ഇവരുടെ മറുപടിയിൽ തൃപ്തരാകാതെ മിക്കവരും അക്ഷയ സെന്റർ ജീവനക്കാരോട് തട്ടിക്കയറുന്ന കാഴ്ചയുമുണ്ടായിരുന്നു. ഇൻകം ടാക്സ് വെബ് സൈറ്റിലൂടെ ലിങ്ക് ചെയ്യാൻ ശ്രമിച്ചവർക്ക് വെബ്സൈറ്റ് ഹാങ്ങായതിനാൽ നിരാശരാകേണ്ടിയും വന്നു.