ആലക്കോട്: 200 രൂപയുടെ വ്യാജനോട്ട് മലയോരത്ത് വ്യാപകമാകുന്നതായി പരാതി. കാഴ്ചയിൽ സാധാരണ നോട്ടുമായി വളരെ സാമ്യമുള്ളതിനാൽ നിരവധി കച്ചവടക്കാരാണ് തട്ടിപ്പിനിരയാകുന്നത്. കഴിഞ്ഞ ദിവസം ആലക്കോട് ടൗണിലെ ഒരു ലോട്ടറി കടയിലാണ് തട്ടിപ്പ് നടന്നത്. 500 രൂപയ്ക്കുള്ള ലോട്ടറി ടിക്കറ്റ് വാങ്ങിയ ശേഷം മറ്റു നോട്ടുകൾക്കൊപ്പം വ്യാജനോട്ടും നൽകുകയായിരുന്നു. പിന്നീട് നോട്ടെണ്ണുമ്പോൾ സംശയം തോന്നി നോട്ട് വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. നോട്ടിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം 'ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ" എന്നാണ് അച്ചടിച്ചിരിക്കുന്നത്. സാധാരണ നോട്ടിലേതുപോലെ നമ്പറും വലുപ്പവും നിറവുമൊക്കെ കൃത്യമായതിനാൽ കബളിപ്പിക്കപ്പെടുവാനുള്ള സാദ്ധ്യത കൂടുതലുമാണ്. ലോട്ടറി കടകളിലും മറ്റും തിരക്കുള്ള സമയത്താണ് തട്ടിപ്പ് നടക്കുന്നത്. സമാനമായ രീതിയിൽ 500 രൂപയുടെ വ്യാജനോട്ടുകളും നേരത്തെ മലയോരമേഖലയിൽ വ്യാപകമായിരുന്നു.