കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് തുടക്കമായി. ഗർഡറുകൾ മേൽപ്പാലത്തിനടുത്ത് എത്തിക്കുന്ന ശ്രമകരമായ പ്രവൃത്തിയാണ് ആരംഭിച്ചത്. ചൊവ്വാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ പത്ത് വരെയാണ് ജോലി നടന്നത്. റെയിൽവേ പാളത്തിലൂടെ കടന്നുപോവുന്ന വൈദ്യുതി ലൈൻ ഓഫ് ചെയ്ത് ട്രെയിനുകൾ നിർത്തിയാണ് രാത്രിയിലുടനീളം പണി നടത്തിയത്.
റെയിൽവേ സെക്ഷൻ എൻജിനീയർ മനോഹരന്റെ നേതൃത്വത്തിൽ പത്ത് റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ ഇരുപത് വിദഗ്ദ്ധ തൊഴിലാളികൾ ഒരു രാത്രി മുഴുവൻ പണിയെടുത്ത് മൂന്ന് ഗർഡുകൾ പുലർച്ചെയാവുമ്പോഴേക്കും പാലത്തിന് സമീപത്തെത്തിച്ചിരുന്നു. ആറ് ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്. ഒരേ സമയം രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ഗർഡറുകൾ പൊക്കി റെയിൽവേ ഗേറ്റു വഴി കടത്തിയത്. റെയിൽവേ കരാറുക്കാരൻ എറണാകുളത്തെ വർഗീസിന്റെ നേതൃത്വത്തിൽ ഒരു സംഘം തൊഴിലാളികൾ രാത്രിയിലുടനീളം അതീവ ജാഗ്രതയോടെ പണി നിയന്ത്രിച്ചു.
നാട്ടുകാരുടെ സംഘവും
ബല്ലാ കടപ്പുറത്തെ വൈറ്റ് ഗാർഡ് വളണ്ടിയർമാരുൾപ്പെടെ നാട്ടുകാരുടെ ഒരു സംഘം തന്നെ ജോലിക്കാർക്കും ഉദ്യോഗസ്ഥർക്കും സഹായകരമായി രംഗത്തുണ്ടായിരുന്നു. മേൽപ്പാലം കർമ്മ സമിതി കൺവീനർ എ. ഹമീദ് ഹാജി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.