
കാസർകോട്: കയ്യൂർ, ചീമേനി പ്രദേശങ്ങളിലെ സി.പി.എം ആധിപത്യമുള്ള ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഭീഷണിയുണ്ടെന്നു കാട്ടി രാഷ്ട്രപതി, പ്രധാന മന്ത്രി, ഗവർണർ തുടങ്ങിയവർക്ക് പരാതി നൽകിയതായി യു.ഡി.എഫ് തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർത്ഥി എം.പി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിലിക്കോട്ടെ 17 ബൂത്തുകൾ പ്രശ്ന ബാധിതമാണ്. അവിടെ സി.പി.എം അല്ലാത്തവരെ ഭീഷണിപ്പെടുത്തി ചൊൽപ്പടിക്ക് നിർത്തുന്നു. മരിച്ചവരും മണ്ഡലത്തിലില്ലാത്തവരും മറ്റു മണ്ഡലങ്ങളിൽ ഉള്ളവരും വോട്ട് ചെയ്യാനെത്തുക പതിവാണ്. ചോദ്യം ചെയ്യുന്ന പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയും ചൊറിയാനുള്ള പൗഡർ ദേഹത്തു വിതറിയും ഓടിക്കുകയാണ് പതിവ്. ശേഷം 99 ശതമാനവും പാർട്ടിക്ക് വോട്ട് ചെയ്യുന്നു. യു.ഡി.എഫ് പോളിംഗ് എജന്റുമാരെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തി നിഷ്‌ക്രിയരാക്കുന്ന രീതിയുമുണ്ട്.
യു.ഡി.എഫ് പ്രവർത്തകരുടെ വാഹനങ്ങൾ,വീടുകൾ എന്നിവ ആക്രമിക്കപ്പെടുന്നു. കയ്യൂർ,പിലിക്കോട് ഭാഗങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരെയാണ്. ഇത്തരം പ്രിസൈഡിംഗ് ഓഫീസർമാർക്കെതിരെയും കൃത്യവിലോപനത്തിന് കേസെടുക്കണം. ജില്ലാ ഭരണകൂടം സി.പി.എമ്മിന്റെ അനുഭാവികളോ സഹയാത്രികരോ ആണ്. പ്രശ്ന ബാധിത കേന്ദ്രങ്ങളിൽ കേന്ദ്രസേനയെ വിനിയോഗിക്കണമെന്നും വെബ് കാമറകളുടെ ലിങ്ക് സ്ഥാനാർത്ഥിക്കും ഇലക്ഷൻ ഏജന്റിനും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ അഡ്വ. എം.ടി.പി കരീം. പി.കെ. ഫൈസൽ. എന്നിവരും സംബന്ധിച്ചു.