rice

മാഹി: ഒരു കാലത്ത് റേഷൻ വിതരണ മേഖലയിൽ ഇന്ത്യക്ക് മാതൃകയായിരുന്നു കേന്ദ്രഭരണ പ്രദേശമായ മാഹി. എന്നാലിന്ന് രാജ്യത്ത് ഒരിടത്തു പോലും കേട്ടുകേൾവിയില്ലാത്ത വിധം മയ്യഴിയിൽ ഒരു തരി റേഷനുമില്ല, റേഷൻ കടകളുമില്ല. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള റേഷൻ വിതരണ ശൃംഖലയായ എം.ഇ.സി.എസ്സിന്റെ മുഴുവൻ ഡിപ്പോകളും രണ്ടുവർഷം മുൻപ് അടച്ചു പൂട്ടി. തീർത്തും ഉപഭോക്തൃ പ്രദേശമായ മയ്യഴിയിൽ പാവപ്പെട്ടവർ വലിയ വില കൊടുത്ത് പൊതുമാർക്കറ്റിൽ നിന്നും വർഷങ്ങളായി അരിവാങ്ങുകയാണ്.
എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം കൃത്യമായി, സൗജന്യമായി കാർഡുടമകൾക്ക് അരി ലഭിക്കുന്നുമുണ്ട്! പുതുച്ചേരിയിലും, കാരിക്കലിലുമുള്ള അറുപത് ശതമാനത്തിലേറെ ആളുകൾക്കും യാനത്ത് 70 ശതമാനം ആളുകൾക്കും വർഷങ്ങളായി സൗജന്യമായി അരി ലഭിച്ചു വരുന്നുണ്ട്. സൗജന്യ അരി വിതരണം ചെയ്യുന്നില്ലെങ്കിൽ, പകരം ഒരാൾക്ക് ഈ ഇനത്തിൽ 125 രൂപ വീതം നൽകണമെന്നാണ് ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്നത്. അതും മാഹിയിൽ ലഭിക്കാറില്ല. സൗജന്യ അരി വിതരണം നടത്തിയിരുന്നുവെങ്കിൽ, മാഹിയിലെ റേഷൻ കടകളും എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരില്ലായിരുന്നു.
തിരഞ്ഞെടുപ്പിൽ അരി വിഷയം മാഹിയിൽ തിളയ്ക്കുകയാണ്. വോട്ടിനായി ജനങ്ങൾക്ക് മുന്നിൽ കൈ നീട്ടുന്നവർ ഇതിന് സമാധാനം പറയേണ്ടി വരും.

പിഴച്ചത് എവിടെ

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മാഹിയിൽ സർവ്വെ നടക്കുമ്പോൾ 4500 ഓളം അപേക്ഷകരുണ്ടായിരുന്നു. ഇതിൽ പരിശോധന നടത്തിയപ്പോൾ 2879 കാർഡുകൾ അർഹരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതുച്ചേരിയിൽ നിന്നും തിരിച്ചയക്കുകയായിരുന്നു. ആദ്യം അയച്ച 2879 കാർഡുകൾക്ക് പുറമെ പിന്നീട് അയച്ച 1900 കാർഡുകൾക്കും കൂടി ആനുകൂല്യം ലഭിക്കേണ്ടതായിരുന്നു. എന്നിട്ടും മാഹിയിൽ അർഹതപ്പെട്ട അരി ആർക്കും കിട്ടാത്ത അവസ്ഥയായി.