
ധർമ്മടം: മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം. സ്വീകരണങ്ങളോരോന്നും പൊതുയോഗങ്ങളാക്കിയാണ് പിണറായിയുടെ വിജയക്കുതിപ്പിന് കരുത്തേകുന്നത്. രാവിലെ ചോരയാംകുണ്ടിൽ നിന്ന് തുടങ്ങി 15 കേന്ദ്രങ്ങൾ പിന്നിട്ട് വെള്ളൊഴുക്കിൽ സമാപിച്ചു.
വൃദ്ധർ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ.... നാടാകെ ഒഴുകിയെത്തുമ്പോൾ ധർമ്മടത്ത് റിക്കാർഡ് വിജയം ഉറപ്പാണെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവിച്ചവർക്ക് മുന്നിൽ കേരള ബദലിന്റെ നേട്ടങ്ങളെക്കുറിച്ചും അത് തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പിണറായി വിജയന്റെ ചുരുങ്ങിയ വാക്കുകളിലുള്ള വിശദീകരണം. ചോരയാംകുണ്ട്, ആനേനിമെട്ട, കീരിയോട്, മുതുകുറ്റി തൈക്കണ്ടിപ്പീടിക, കണയന്നൂർ മുട്ടിലെ ചിറ, കക്കോത്ത്, ഇരിവേരി, കേളപ്പൻ മുക്ക്, കോയ്യോട് മേലേഭാഗം, സജീവൻ സ്‌മാരക ഷെൽട്ടർ, വെള്ളൂരില്ലം എൽപി സ്‌കൂൾ, കോട്ടൂർ, കടമ്പൂർ ധനേശൻ പീടിക, മുഴപ്പിലങ്ങാട് കുളം ബസാർ, വെള്ളൊഴുക്ക് മൊട്ടേമ്മൽ, ധർമടം ബീച്ച് ടുറിസം സെന്റർ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പര്യടനം.
വിവിധ കേന്ദ്രങ്ങളിൽ എം.കെ മുരളി, ടി.വി ലക്ഷ്മി, ടി. അനിൽ, വി. ലീല, ഇ.കെ ദൃശ്യ, പി.എം അഖിൽ, സി.ഗിരീശൻ, കല്ലാട്ട് പ്രേമൻ, പി.പി നാസർ എന്നിവർ സംസാരിച്ചു. സി .എൻ.ചന്ദ്രൻ, പി. ബാലൻ, കെ.ശശിധരൻ, പി.കെ ശബരീഷ്, എം. ഗംഗാധരൻ, കെ. മുകുന്ദൻ, ടി.കെ.എ ഖാദർ, വി.സി വാമനൻ, ടി.ഭാസ്കരൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.