
പിണറായി സ്വന്തം നിഴലിനെയും ഭയക്കുന്ന ഭീരു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ബോംബ് പൊട്ടുന്നത് സി.പി. എമ്മിനുള്ളിൽ തന്നെയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ തിലാന്നൂരിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു. മന്ത്രി ഇ.പി.ജയരാജൻ, പി. ജയരാജൻ എന്നിവരോട് കടുത്ത അനീതി കാണിച്ച പിണറായി ആകെ ഭയപ്പെട്ടിരിക്കുകയാണ്. പാർട്ടിയിൽ എന്ത് വിസ്ഫോടനമാണ് സംഭവിക്കുന്നതെന്ന ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. അതുകൊണ്ടാണ് ബോംബ് പൊട്ടുമെന്ന് മുൻകൂറായി പറഞ്ഞത്. പിണറായിയുടെ മകളുടെ കമ്പനിയിലെ ഇ.ഡി റെയ്ഡ് ഉദ്ദേശിച്ചാണോ ബോംബ് പൊട്ടുമെന്ന് പറയുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു. .പിണറായി വിജയന്റെ പിറകിൽ കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹത്തെ കാത്തുസൂക്ഷിച്ചൊരു മനുഷ്യനോട് കാണിച്ചത് കടുത്ത വിവേചനമാണ്. ഇ.പി.ജയരാജന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രതിഫലിച്ചത്. മുഖം രക്ഷിക്കാനെങ്കിലും ഇ.ഡി പിണറായിയെ ചോദ്യംചെയ്യണം. അല്ലെങ്കിൽ മുഖം നഷ്ടപ്പെടുന്നത് മോദിയുടെയും അമിത്ഷായുടേയുമായിരിക്കും.ഒരുപക്ഷേ പ്രഹസനമായിരിക്കാം, രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.