
കോഴിക്കോട്: വീരചരിതത്തിന്റെ അടയാളങ്ങൾ പതിഞ്ഞ വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ സ്വാധീനിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾക്ക് കാത്തിരിക്കുകയാണ് ജനം. എൽ.ജെ.ഡി എത്തിയിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്തതും ജനതാദൾ പാർട്ടികൾ തമ്മിലുള്ള മത്സരവും എൽ.ഡി.എഫിനെയും ആർ.എം.പി.ഐയെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത യു.ഡി.എഫിനെയും പ്രതിസന്ധിയിലാക്കുന്നു.
കടത്തനാടൻ മണ്ണിൽ കൈവിട്ട കരുത്ത് തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഏറെ ചർച്ചകൾക്ക് ശേഷം എൽ.ജെ.ഡിയെ സി.പി.എം എൽ.ഡി.എഫിൽ എത്തിച്ചത്. വടകര നിലനിറുത്തുക, കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി തിരിച്ചു പിടിക്കുക, നാദാപുരം തിരിച്ചടിയില്ലാതെ നിലനിറുത്തുക എന്നതായിരുന്നു ലക്ഷ്യം. കൊയിലാണ്ടിയിലും നേട്ടം ഉണ്ടാകുമെന്ന് എൽ.ഡി.എഫ് കണക്ക് കൂട്ടിയിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടായില്ല. ജനതാദൾ എസ് മത്സരിച്ചുവരുന്ന വടകര സീറ്റ് എൽ.ജെ.ഡിക്ക് നൽകുന്നതിലും അസ്വാരസ്യങ്ങൾ ഉണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിലെ മിന്നും ജയം നൽകുന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിന്റെ കൈമുതൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. രണ്ട് തിരഞ്ഞെടുപ്പിലും അകമഴിഞ്ഞ് പിന്തുണ നൽകിയ ആർ.എം.പി.ഐയെ ഒപ്പം നിറുത്താൻ യു.ഡി.എഫിന് കഴിയാത്തത് പരിമിതിയായി തുടരുകയാണ്. എൽ.ജെ.ഡിയും കേരള കോൺഗ്രസ് എമ്മും മുന്നണി വിട്ടതോടെ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ വടകര ആർ.എം.പി.ഐയ്ക്ക് നൽകി കെ.കെ. രമയെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിനും മുസ്ലിം ലീഗിനും താത്പര്യം. എന്നാൽ കെ.പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പിൽ അയവ് വന്നിട്ടില്ല. കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് നിലപാടിലാണ് അദ്ദേഹം. ആർ.എം.പി.ഐയെ പരിഗണിക്കാതിരുന്നാൽ വടകരയിൽ മാത്രമല്ല, കുറ്റ്യാടിയിലെയും നാദാപുരത്തെയും സാധ്യതകളെ പ്രതികൂലമായി ബാധിക്കും. കോട്ടയായ കൊടുവള്ളി പോലും കൈയൊഴിഞ്ഞ 2016ൽ പിടിച്ചെടുത്ത കുറ്റ്യാടിയുടെ സാധ്യതകൾ മങ്ങുന്നതിൽ മുസ്ലിം ലീഗിൽ കടുത്ത ഭിന്നതയുണ്ട്. ഇത്തവണ പിടിച്ചെടുക്കാമെന്ന് മുന്നണി പ്രതീക്ഷിക്കുന്ന നാദാപരത്തും തിരിച്ചടിയാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കരുതുന്നു. അതേസമയം യു.ഡി.എഫ് തീരുമാനം എന്തുമാകട്ടെയെന്ന നിലപാടിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ് ആർ.എം.പി.ഐ.