
കുറ്റ്യാടി: ഇടത്- വലത് മുന്നണികൾ ഒരുപോലെ പ്രതീക്ഷയർപ്പിക്കുന്ന മലയോര മണ്ഡലമാണ് കുറ്റ്യാടി. ആർക്കൊപ്പവും പാറപോലെ ഉറച്ചുനിൽക്കാത്ത മണ്ഡലത്തിന് ശരി നോക്കി നിറം നോക്കാതെ കൂടെ നിന്ന ചരിത്രമാണുള്ളത്.
1965ലാണ്കുറ്റ്യാടിയുടെ പഴയ രൂപമായ മേപ്പയ്യൂർ മണ്ഡലം നിലവിൽ വരുന്നത് . സി.പി.എമ്മിലെ എം.കെ കേളുവായിരുന്നു ആദ്യപ്രതിനിധി. 1967ലും കേളു തിരഞ്ഞെടുക്കപ്പെട്ടു. 1970ൽ മുസ്ലിം ലീഗിലെ എ.വി അബ്ദുറഹ്മാൻ ഹാജി കേളുവിനെ പരാജയപ്പെടുത്തി ചിത്രം മാറ്റി വരച്ചു. 1977ൽ ഐക്യമുന്നണിയിലെ പണാറത്ത് കുഞ്ഞിമുഹമ്മദിനായിരുന്നു വിജയം. പിന്നീടങ്ങോട്ട് ഇടതുപക്ഷത്തിന്റെ കുത്തകയായി. 1987, 1991, 1996 വർഷങ്ങളിൽ സി.പി.എമ്മിലെ എ. കണാരൻ വിജയിച്ചു. 2001ൽ മത്തായിചാക്കോയും 2006ൽ കെ.കെ. ലതികയും തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ കുറ്റ്യാടിയായി മാറിയപ്പോഴും കെ.കെ ലതിക വിജയം തുടർന്നു. എന്നാൽ 2016 ലുണ്ടായ കാറ്റുവീഴ്ചയിൽ ഇടതുപക്ഷം അടിപതറി വീണു. മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുള്ളയ്ക്കായിരുന്നു വിജയം. യു.ഡി.എഫിലെ കന്നിയങ്കക്കാരനായ സ്ഥാനാർത്ഥിക്ക് 71,809 വോട്ടുകൾ ലഭിച്ചപ്പോൾ സി പി .എം സ്ഥാനാർത്ഥിയായ കെ.കെ ലതികയ്ക്ക് 70,652 വോട്ടുകൾ മാത്രം. ബി.ജെ.പി സ്ഥാനാർത്ഥി രാമദാസ് മണലേരിക്ക് 12,327 വോട്ടുകളും ലഭിച്ചു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും കുറ്റ്യാടി യു.ഡി.എഫിനൊപ്പമായിരുന്നു. കെ.മുരളീധരന് 17,892 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായത് യു.ഡി.എഫിന് കരുത്തു പകരുകയാണ്. അതെസമയം കഴിഞ്ഞ തവണ കൈവിട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാൻ ആവനാഴിയിലെ അവസാനത്തെ അമ്പും പ്രയോഗിക്കാൻ ഒരുങ്ങിനിൽക്കുകയാണ് എൽ.ഡി.എഫ്.
പ്രവാസികൾ ഏറെയുള്ള കുറ്റ്യാടി മണ്ഡലം പിടിക്കാൻ 2016ൽ പ്രവാസിയായ പാറക്കലിനെയായിരുന്നു യു.ഡി.എഫ് ഇറക്കിയത്. ഇക്കുറിയും യു .ഡി .എഫ് പാറക്കലിനെ തന്നെ കളത്തിലിറക്കുമെന്നാണ് അറിയുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കെ.പി കുഞ്ഞമ്മദ് കുട്ടിക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ മുൻതൂക്കം. അതിന്റെ ഭാഗമായുള്ള പ്രചരണവും എൽ.ഡി.എഫ് തുടങ്ങി കഴിഞ്ഞു. ബി.ജെ.പിയുടെ സ്ഥാനാർത്ഥികളായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാമദാസ് മണലേരി, എം.മോഹനൻ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്, പി.പി.മുരളി, ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് പെരുമുണ്ടശ്ശേരി എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
വില്യാപ്പള്ളി, ആയഞ്ചേരി , മണിയൂർ, തിരുവള്ളൂർ, വേളം ,കുറ്റ്യാടി, പുറമേരി ,കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ ചേർന്ന കുറ്റ്യാടി നിയോജക മണ്ഡലത്തിൽ കോൺഗ്രസ്, സി.പി.എം, മുസ്ലിം ലീഗ് പാർട്ടികൾക്ക് അവരുടേതായ സ്വാധീന മേഖലകൾ ഉണ്ടെങ്കിലും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് വോട്ട് ശതമാനത്തിൽ കാര്യമായ വളർച്ചയുണ്ടായിട്ടുണ്ട് . കേരള കോൺഗ്രസ് എമ്മിന്റെ ഇടത് പ്രവേശം മലയോരത്ത് എൽ.ഡി.എഫിന് ആശ്വാസം പകരുന്ന ഘടകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പക്ഷത്തുണ്ടായിരുന്ന എൽ.ജെ.ഡിയുടെ വരവും കൂടുതൽ ആത്മവിശ്വാസം പകരുന്നു. കുറ്റ്യാടി മണ്ഡലത്തിൽ എസ്.എൻ.ഡി.പി ശക്തമാണെങ്കിലും വോട്ടുകൾ എങ്ങോട്ട് മറയുമെന്നത് വിജയത്തിന്റെ നിർണായക ഘടകമാണ്.
ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ടായിട്ടും വികസമെത്താത്ത കുറ്റ്യാടിയിൽ കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തിരുന്നിട്ടും അടിസ്ഥാന സൗകര്യ വികസന രംഗത്തും, സേവന മേഖലയിലുമെല്ലാം വലിയ വളർച്ചയാണ് ഉണ്ടായതെന്നും 600 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളും ആർദ്രം എന്ന പേരിൽ ജീവ കാരുണ്യ, വികസന മേഖലയിൽ പലതരം പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞെന്നാണ് പാറക്കൽ അബ്ദുള്ള എം.എൽ എ പറയുന്നത്. അതേസമയം അനുകൂല സാഹചര്യം ഉണ്ടായിട്ടും കുറ്റ്യാടിയിൽ വേണ്ട തരത്തിൽ വികസനമെത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് കഴിഞ്ഞ തവണത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.കെ ലതികയുടെ വാദം.