photo
തലയാട് കാന്തലാട് വില്ലേജ് ഓഫീസിനു മുന്നിൽ കർഷകർ അടുപ്പ് കൂട്ടി കുടികിടപ്പ് സമരം തുടങ്ങിയപ്പോൾ

ബാലുശ്ശേരി: ദൈവം കനിഞ്ഞിട്ടും പൂ‌ജാരി പ്രസാദിക്കുന്നില്ലെന്ന അവസ്ഥയ്ക്ക് വൈകിയാണെങ്കിലും അറുതിയായി. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിലയിൽ കർഷകർ കുടികിടപ്പ് സമരത്തിന് മുതിർന്നതിന് പിറകെ കാന്തലാട് വില്ലേജിലെ ഭൂനികുതി പ്രശ്നത്തിന് പരിഹാരം. ഭൂരേഖയുമായി എത്തുന്ന മുഴുവൻ കർഷകരിൽ നിന്നും നികുതി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ രേഖാമൂലം ഉറപ്പ് നൽകി. ചൊവ്വാഴ്ച മുതൽ തന്നെ നികുതി അടയ്ക്കാം.

സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ തീരുമാനത്തെ തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവുണ്ടായിട്ടും കാന്തലാട് വില്ലേജിലെ തർക്കപ്രശ്നത്തിൽ പെട്ട കർഷകരിൽ നിന്നു മാത്രം ഭൂനികുതി സ്വീകരിച്ചിരുന്നില്ല. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ വില്ലേജുകളിൽ നികുതി കൈപ്പറ്റാൻ തുടങ്ങിയപ്പോഴും കാന്തലാട് വില്ലേജ് ഓഫീസുകാർ മുഖം തിരിച്ചു നില്പായിരുന്നു. മലയോര കർഷക ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനെതിരെ കാന്തലാട് വില്ലേജ് ഓഫീസിനു മുന്നിൽ ഇന്നലെ രാവിലെയാണ് കുടികിടപ്പ് സമരം തുടങ്ങിയത്. കർഷകർ കുടുംബസമേതം അടുപ്പ് കൂട്ടിയായിരുന്നു സമരം.
ജില്ലാ കളക്ടർ 2019 ജൂൺ 27 ന് പുറപ്പെടുവിച്ച ഉത്തരവ് കാന്തലാട് വില്ലേജിൽ മാത്രം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചുള്ള സമരത്തിന് പിന്തുണയുമായി സി.പി.എം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എത്തിയിരുന്നു. വില്ലേജ് ഓഫീസറുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയ്ക്കൊടുവിൽ നികുതി സ്വീകരിക്കാൻ ധാരണയായി. 1977 നു മുമ്പ് ഭൂമി കൈവശമുള്ള കർഷകർ ഭൂരേഖ സമർപ്പിക്കുന്ന മുറയ്ക്ക് തന്നെ നികുതി സ്വീകരിച്ചു തുടങ്ങുമെന്ന് വില്ലേജ് ഓഫീസർ രേഖാമൂലം അറിയിക്കുകയായിരുന്നു. തുടർന്ന് കർഷകർ സമരം നിറുത്തി.

റവന്യൂ രേഖകളുടെ അടിസ്ഥാനത്തിൽ അറുപതു വർഷത്തിലേറെ നികുതിയടച്ചു വന്ന ഭൂമിയ്ക്ക് 2002 ൽ പൊടുന്നനെ നികുതി നിഷേധിക്കുകയായിരുന്നുവെന്ന് ആക്‌ഷൻ കമ്മിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി.

നീണ്ട പോരാട്ടത്തെ തുടർന്ന് പ്രശ്നം സർക്കാർ പരിഹരിച്ചിട്ടും കാന്തലാട്ട് മാത്രം തീരുമാനം പാലിക്കാതെ വന്നതോടെയാണ് ഒടുവിൽ പ്രത്യക്ഷസമരത്തിനിറങ്ങിയത്.
വില്ലേജ് ഓഫീസിനു മുമ്പിൽ സൗമിനി അമ്മ കാന്തലാട്, ത്രേസ്യാമ്മ തലയിണ കണ്ടത്തിൽ, ജസി താന്നിക്കൽ, മേരിക്കുട്ടി പുതുപറമ്പിൽ എന്നിവർ അടുപ്പ് കൂട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമരസമിതി ചെയർമാൻ ഒ.ഡി തോമസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ പി. ഉസ്മാൻ , ടി. വി. വിജയൻ, സി. പി. അബ്ദുറഹിമാൻ , ഇ. കെ. വർഗീസ്, പി.ജെ. ജോണി, ഷാജു മുണ്ടത്താനത്ത്, കെ.പി. സെബാസ്റ്റ്യൻ, മുഹമ്മദ് പൂനൂർ എന്നിവർ സംസാരിച്ചു. പുന്നത്തറ പത്മനാഭൻ ,ജോർജ്ജ് ഒറ്റപ്ലാക്കകൽ,

നിക്ലോവോസ് താന്നിക്കൽ, ഫിലിപ്പ് തൈപറമ്പിൽ, കൃഷ്ണൻകുട്ടി വയലിട, ജോണി വടുതല തുടങ്ങിയവർ നേതൃത്വം നൽകി.