കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി.
പ്രചാരണരംഗത്തുൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു കലക്ടറേറ്റിൽ വിളിച്ചുചേർത്ത വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ വ്യക്തമാക്കി. തീർത്തും പരിസ്ഥിത സൗഹൃദ തിരഞ്ഞെടുപ്പാണെന്നും ഉറപ്പാക്കേണ്ടതുണ്ട്. പ്രചാരണങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്നും കളക്ടർ ഓർമ്മിപ്പിച്ചു.
പൊതുപരിപാടികളിൽ അഞ്ച് വാഹനങ്ങൾക്കാണ് അനുമതിയുണ്ടാവുക. പൊതുയോഗങ്ങൾക്കുള്ള ഗ്രൗണ്ടുകൾ നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങളിലും പൊതുപരിപാടികളിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൂടാ.
ഓഡിറ്റോറിയങ്ങളിൽ നൂറ് പേർക്കും പുറത്ത് നടക്കുന്ന പരിപാടികളിൽ 200 പേർക്കും പങ്കെടുക്കാം. സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ചു വേണം കസേരകൾ നിരത്താൻ.
സ്ഥാനാർത്ഥികൾക്ക് ഓൺലൈൻ വഴി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാവും. . ഓൺലൈനായി പൂരിപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് പത്രിക സമർപ്പിക്കാം.
പോളിംഗ് സ്റ്റേഷനുകൾ ഭിന്നശേഷിസൗഹൃദമാക്കും. പ്രചാരണസാമഗ്രികളുടെ പുതുക്കിയ നിരക്ക് ഉടൻ പ്രസിദ്ധീകരിക്കും. പോസ്റ്റൽ ബാലറ്റിന്റെ ഒരുക്കങ്ങൾ നടന്നുവരികയാണ്. ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ, അവശ്യസർവീസ് ജീവനക്കാർ തുടങ്ങിയവർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നതിന് നടപടിയുണ്ടാവും.
സർക്കാർ ചുമരുകളിൽ പ്രചാരണം വേണ്ട
പ്രചാരണ പരിപാടികൾക്ക് സ്വകാര്യവ്യക്തികളുടെ മതിലുകൾ അനുമതിയോടെ ഉപയോഗിക്കാം. എന്നാൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ മതിലുകളും മറ്റു വസ്തുവകകളും പ്രചാരണ സാമഗ്രികൾ തൂക്കുന്നതിനോ പതിക്കുന്നതിനോ ഉപയോഗിക്കരുത്.
യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ടി.പി ദാസൻ, ടി.വി ബാലൻ, കെ.മൊയ്തീൻ കോയ, പി.എം കരുണാകരൻ, കെ.എം പോൾസൺ, ബി.കെ പ്രേമൻ, ജോബിഷ് ബാലുശ്ശേരി, ഡി. ഉണ്ണികൃഷ്ണൻ, കെ.ടി വാസു, പി.ടി ഗോപാലൻ, പി.എം അബ്ദുറഹിമാൻ, പി.വി മാധവൻ, പി.ആർ സുനിൽ സിംഗ് തുടങ്ങിയവർ പങ്കെടുത്തു. സബ് കലക്ടർ ജി.പ്രിയങ്ക, എ.ഡി.എം എൻ. പ്രേമചന്ദ്രൻ, ഇലക്‌ഷൻ ഡെപ്യുട്ടി കലക്ടർ കെ. അജീഷ്, ഫിനാൻസ് ഓഫീസർ കെ.ഡി മനോജൻ എന്നിവരും സംബന്ധിച്ചു.
വാഹനങ്ങൾ; ഇന്ന് റിപ്പോർട്ട് ചെയ്യണം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി കോഴിക്കോട് ജില്ലയിലെ മുഴുവൻ കേന്ദ്ര, സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകളിലെയും സർവിസ് സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, കേരള ബാങ്ക് എന്നിവയിലെയും വാഹനങ്ങളുടെ വിവരം കളക്ടറേറ്റ് ഇലക്‌ഷൻ വിഭാഗത്തിലെ ട്രാൻസ്‌പോർട്ട് സെല്ലിൽ ഇന്ന് രാവിലെ പത്തിനകം റിപ്പോർട്ട് ചെയ്യണമെന്ന് ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
ഫ്ലയിംഗ് സ്‌ക്വാഡുകൾ
വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് തടയാൻ നിരീക്ഷണ സംവിധാനമായി. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ഇലക്‌ഷൻ ഫ്‌ളയിംഗ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി, ഏജന്റ്, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സഞ്ചരിക്കുന്ന വാഹനത്തിൽ 50,000 രൂപയിൽ കൂടുതൽ കൈവശം വയ്ക്കാൻ പാടില്ല. മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ തുടങ്ങിയവ കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.