കോഴിക്കോട് : ഇന്ധന - പാചകവാതകവില കുതിച്ചുയരുന്നത് തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരുകൾ അനുകൂലിച്ചാൽ ഇന്ധനനികുതി ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചതാണ്. ഇന്ധനവില ക്രമാതീതമായി ഉയരുന്നത് തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസും നിർദ്ദേശിച്ചിരിക്കുകയാണ്. ഇന്ധന വിലവർദ്ധനവ് ഉത്പാദന മേഖലയെ ഏറെ പ്രതികൂലമായി ബാധിക്കും.

രാജസ്ഥാൻ, അസാം, മേഘാലയ, നാഗാലാൻഡ്, ഗോവ, ബംഗാൾ, പുതുച്ചേരി തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ലിറ്ററിന് ഒരു രൂപ മുതൽ 10 രൂപ വരെ അധികനികുതി കുറച്ചിട്ടും കേരളം കുറയ്ക്കാത്തത് ന്യായീകരിക്കാനാവില്ല.

അസംസ്കൃത ക്രൂഡോയിൽ വില കുറയുമ്പോൾ നിരക്ക് കുറയ്ക്കാനും കൂടുമ്പോൾ കൂട്ടാനുമാണ് എണ്ണക്കമ്പനികൾക്ക് നൽകിയ അനുമതി. എന്നാൽ കൂടുമ്പോൾ അത് ഉപഭോക്താക്കൾക്ക് അടിച്ചേല്പിക്കുകയും കുറയുമ്പോൾ ആനുപാതിക തീരുവ ഉയർത്തി ഉപഭോക്താക്കളെ സർക്കാർ കൊള്ളയടിക്കുകയുമാണ് ചെയ്യുന്നത്.

അസോസിയേഷൻ രക്ഷാധികാരി ഡോ. എ.വി. അനൂപ് ഓൺലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു.