ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി മഹാദേവ ക്ഷേത്ര കുളം പൊതു നീന്തൽകുളമാക്കാനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കോട്ടൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വയൽ പീടികയിൽ ഭക്തജനസംഗമം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല മുഖ്യപ്രഭാഷണം നടത്തി. നാടിന്റെ വികസത്തിനൊപ്പം ഹിന്ദു ഐക്യവേദി ഉണ്ടാകും .അൻപത് ലക്ഷം രൂപ ചെലവഴിച്ച് കുളം നിർമ്മിക്കുന്നതിന് പ്രശ്നമില്ലെന്നും ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ടതായിരിക്കണമെന്നും അവർ പറഞ്ഞു. ഹിന്ദു സമൂഹത്തെ വേട്ടയാടാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും ശശികല ടീച്ചർ പറഞ്ഞു. ഹിന്ദു ഐക്യവേദി പഞ്ചായത്ത് സമിതി പ്രസിഡന്റ് എം. ടി മാധവൻ അദ്ധ്യക്ഷത വഹിച്ചു. എസ് പ്രബോധ് കുമാർ, പി.ജയചന്ദ്രൻ ,കെ.കെ. അർജ്ജുൻ എന്നിവർ സംസാരിച്ചു. ക്ഷേത്രകുളം കെ.പി ശശികല ടീച്ചർ സന്ദർശിച്ചു.